Connect with us

Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് സമയം അവസാനിച്ചു; 70 ശതമാനം കടന്ന് പോളിങ്

ഈമാസം 23നാണ് ഫലപ്രഖ്യാപനം.

Published

|

Last Updated

പാലക്കാട് | പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് സമയം അവസാനിച്ചു. അവസാന റിപോര്‍ട്ട് ലഭിക്കുമ്പോള്‍ 70 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് അവസാനിക്കുന്ന വൈകിട്ട് ആറ് വരെ വരിയിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ കൂടി സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷമായിരിക്കും വോട്ടെടുപ്പ് പൂര്‍ണമായി അവസാനിക്കുക.

രാവിലെ ഏഴോടെയാണ് പോളിങ് തുടങ്ങിയത്. ഉച്ചക്കു ശേഷം രണ്ടോടെ പോളിങ് ശതമാനം 50 പിന്നിട്ടിരുന്നു. വോട്ടെടുപ്പിന്റെ ആദ്യ രണ്ടു മണിക്കൂറുകള്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയതെങ്കില്‍ രാവിലെ പത്തുമണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ (യു ഡി എഫ്), ഡോ. പി സരിന്‍ (എല്‍ ഡി എഫ്), സി കൃഷ്ണകുമാര്‍ (എന്‍ ഡി എ) ഉള്‍പ്പെടെ പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന് അപരന്‍മാരായി രണ്ട് പേരുണ്ട്.

നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 1,500ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള സ്ഥലങ്ങളിലാണ് ഓക്സിലറി ബൂത്തുകള്‍ തയ്യാറാക്കിയത്. ഏഴെണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. അവിടെ കേന്ദ്ര സുരക്ഷാ സേനക്കാണ് ചുമതല. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളാണ് കണ്‍ട്രോള്‍ റൂം. 1,94,706 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇവരില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ടര്‍ പട്ടികയിലുണ്ട്.

ശക്തമായ ത്രികോണ മത്സരത്തിനാണ് പാലക്കാട്ട് കളമൊരുങ്ങിയത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും നിരത്തുന്നതിന് പകരം ആളും അര്‍ഥവുമിറക്കിയുള്ള പ്രചാരണത്തില്‍ വിവാദങ്ങള്‍ മാത്രമായിരുന്നു തിളങ്ങിനിന്നത്.  ഈമാസം 23നാണ് ഫലപ്രഖ്യാപനം

Latest