Connect with us

National

പാക് പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്

ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ പാക് തുറമുഖങ്ങളിലേക്ക് പ്രവേശിക്കരുതെന്നും നിര്‍ദേശം, തപാൽ ഇടപാടുകളും നിർത്തി

Published

|

Last Updated

ഡല്‍ഹി | ഇന്ത്യ- പാക് ബന്ധത്തെ വഷളാക്കിയ കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിനെതിരെ കൂടുതല്‍ നടപടികളുമായി ഇന്ത്യ. പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തി. പാകിസ്ഥാനില്‍ നിന്ന് വരുന്ന എല്ലാ ഇറക്കുമതികളും രാജ്യത്തിനകത്തേക്ക് കടക്കുന്നത് നേരത്തേ നിരോധിച്ചിരുന്നു.

പോര്‍ട്‌സ്- ഷിപ്പിംഗ്- വാട്ടര്‍വെയ്‌സ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ചത്. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് പാകിസ്ഥാനിലെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. അത്യാവശ്യമാണെങ്കില്‍ ഇന്ത്യാ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

പാകിസ്താനുമായുള്ള തപാൽ ഇടപാടുകളും ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. വ്യോമ, ഉപരിതല മാർഗങ്ങളിലൂടെയുള്ള പാകിസ്താനിൽ നിന്നുള്ള കത്തുകളുടെയും പാഴ്സലുകളുടെയും കൈമാറ്റം നിർത്തിവെക്കാനാണ് കേന്ദ്രം ഉത്തരവിട്ടത്.

ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍ കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചുതുടങ്ങി. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി മിസൈലാണ് പരീക്ഷിച്ചത്. 450 കിലോമീറ്റര്‍ ഇതിന് ദൂരപരിധി ഉണ്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നു. ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷിക്കുമെന്ന് സൂചന കിട്ടിയപ്പോള്‍ തന്നെ പരീക്ഷണം പ്രകോപനമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Latest