Connect with us

asia cup

ദുബൈയിൽ ഇന്ത്യൻ കണ്ണീർ; സൂപ്പർ ഫോറിൽ പാക്കിസ്ഥാനോട് അടിപതറി

ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ്റെ ജയം

Published

|

Last Updated

ദുബൈ | ലോകക്രിക്കറ്റിലെ വാശിയേറിയ മത്സരത്തില്‍ ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വീണ്ടും ഇന്ത്യൻ കണ്ണീർ. അവസാനം വരെ ആവേശം മുറ്റിനിന്ന ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ്റെ ജയം. ഇന്ത്യ 182 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയപ്പോള്‍ പാക്കിസ്ഥാൻ ഒരു ബോൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ഓപണർ മുഹമ്മദ് റിസ്‌വാൻ അർധ സെഞ്ചുറി നേടി.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ മുഹമ്മദ് റിസ്‌വാനും മുഹമ്മദ് നവാസും റണ്‍സ് അടിച്ചുകൂട്ടിയത് ഇന്ത്യക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്. റിസ്‌വാന്‍ 51 ബോളില്‍ 71ഉം നവാസ് 20 ബോളില്‍ 42ഉം റണ്‍സെടുത്തു. ഇരുവരും വീണതോടെ കളി ഇന്ത്യക്ക് അനുകൂലമായെങ്കിലും ഖുഷ്ദിൽ ഷാ, ആസിഫ് അലി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് വമ്പനടികളിലൂടെ പാക്കിസ്ഥാന് വിജയം സമ്മാനിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌ണോയ്, ഹര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോന്നുവീതം വിക്കറ്റ് വീഴ്ത്തി.

ഏഷ്യാകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന വിരാട് കോലിയുടെ അര്‍ധ സെഞ്ചുറി നേടി മികവിലാണ് വൻ തകർച്ചയിൽ നിന്ന് ഇന്ത്യ കരകയറിയത്. 44 ബോളില്‍ നിന്നാണ് കോലി പുറത്താകാതെ 60 റണ്‍സെടുത്തത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഓപണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 28 വീതം റണ്‍സ് നേടി. ദീപക് ഹൂഡ 16 റണ്‍സെടുത്തു. പാക് ബോളിംഗ് നിരയില്‍ ശബദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു.

Latest