National
പ്രകോപിപ്പിച്ച് പാകിസ്ഥാൻ; 15 സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണ ശ്രമം, ചെറുത്തുതോല്‍പ്പിച്ച് ഇന്ത്യ
അമൃത്സറിലെ ഗ്രാമത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാഠം പഠിക്കാതെ പാകിസ്ഥാന്‍. ഇന്നലെ അര്‍ധ രാത്രി രാജ്യത്തെ 15 സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണത്തിന് ശ്രമിച്ചെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയാണ് ആക്രമണ ശ്രമം നടന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണ ശ്രമം. ഇവയെല്ലാം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് സൈന്യം ചെറുത്തുതോല്‍പ്പിച്ചതിനാൽ എവിടെയും നാശനഷ്ടമുണ്ടായില്ല. മറുപടിയായി പാകിസ്ഥാനിലെ ലാഹോറില്‍ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകർത്തു. നാല് പാക് സൈനികർക്ക് പരുക്കേറ്റെന്ന് പാകിസ്ഥാനും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പഞ്ചാബിലെ അമൃത്സറിലെ മഖാന്‍ വിണ്ടി ഗ്രാമത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അതിര്‍ത്തി പ്രദേശത്ത് പ്രൊജക്‌റ്റൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പ്രദേശം സൈനികര്‍ വളഞ്ഞു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈനികര്‍ സ്ഥലത്തെത്തിയതായി എസ് എച്ച് ഒ ജാന്‍ഡിയാല ഹര്‍ചന്ദ് സിംഗ് സന്ധു പറഞ്ഞു.