National
പഹല്‍ഗാം ഭീകരാക്രമണം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കേന്ദ്ര മന്ത്രിസഭാ സമിതി യോഗം
രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേരുന്നു. നിര്‍ണായകമായ യോഗത്തില്‍ സുരക്ഷാ കാര്യങ്ങള്‍ അവലോകനം ചെയ്യും. രാവിലെ 11 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. പിന്നാലെ രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.
അതേ സമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതായി ഇന്നലെ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നല്‍കി. തിരിച്ചടി എവിടെ എപ്പോള്‍ എങ്ങനെയെന്ന് സേനയ്ക്ക് തീരുമാനിക്കാം എന്നും വിവിധ സേനാ മേധാവികള്‍ പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്
പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള രണ്ടാമത്തെ യോഗമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്നത്. ശേഷം ധനകാര്യ സാമ്പത്തിക കാര്യാ മന്ത്രിസഭായോഗങ്ങളും ചേരും. പാകിസ്താന് എതിരായ അടുത്ത നടപടികളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഇന്ന് വിശദീകരിച്ചേക്കും.
ജമ്മു കശ്മീരിലെ കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഗ്നൂരിലും പാക് പോസ്റ്റുകളില്‍ നിന്ന് ഇന്നലെയും വെടിവെപ്പുണ്ടായി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.പ്രകോപനം തുടരുന്ന പാകിസ്താനെതിരെ ഇന്ത്യ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമ മേഖലയിലേക്ക് അനുമതി നിഷേധിക്കും. ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് പാക് കപ്പലുകള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയേക്കും.