Connect with us

National

പഹൽഗാം ഭീകരാക്രമണം: ഇന്ത്യൻ സർവകക്ഷി സംഘം അബുദാബിയിലെത്തി

നാല് രാജ്യങ്ങളിലേക്കുള്ള നയതന്ത്ര ദൗത്യത്തിന്റെ ആദ്യ ഘട്ടമാണ് യു എ ഇ. സന്ദർശനം.

Published

|

Last Updated

അബുദാബി | ശിവസേന എം.പി. ഡോ. ശ്രീകാന്ത് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്നുളള ഉന്നതതല സർവ്വകക്ഷി സംഘം അബുദാബിയിലെത്തി. നാല് രാജ്യങ്ങളിലേക്കുള്ള നയതന്ത്ര ദൗത്യത്തിന്റെ ആദ്യ ഘട്ടമാണ് യു എ ഇ. സന്ദർശനം. ഓപ്പറേഷൻ സിന്ദൂറിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിനും അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ആവർത്തിക്കുന്നതിനുമായി യു എ ഇ. നേതൃത്വവുമായും മാധ്യമങ്ങളുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.

സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ മബാരക് അൽ നഹ്യാനുമായി സംഘം കൂടിക്കാഴ്ച നടത്തി. പഹൽഗാം ഭീകരാക്രമണത്തിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയും യു.എ.ഇ.യും ഒരുമിച്ച് ഭീകരവാദത്തെ നേരിടുമെന്നും യുഎഇ എപ്പോഴും ഇന്ത്യയോടൊപ്പം നിൽക്കുമെന്നും ഷെയ്ഖ് നഹ്യാൻ മബാരക് അൽ നഹ്യാൻ പറഞ്ഞു.

ഫെഡറൽ നാഷണൽ കൗൺസിലിന്റെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ സമിതി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമിയുമായും മറ്റ് മുതിർന്ന എമിറാത്തി പാർലമെന്റേറിയൻമാരുമായും പ്രതിനിധി സംഘം ചർച്ചകൾ നടത്തി. ദേശീയ മാധ്യമ ഓഫീസിന്റെ ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കാബിയുമായും സംഘം കൂടിക്കാഴ്ച നടത്തി.

ബൻസുരി സ്വരാജ്, ഇ.ടി. മുഹമ്മദ് ബഷീർ, അതുൽ ഗാർഗ്, സസ്മിത് പത്ര, മൻൻ കുമാർ മിശ്ര, സുരേന്ദ്രജിത് സിംഗ് അലുവാലിയ, മുൻ അംബാസഡർ സുജൻ ചിനോയ് എന്നിവരും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു. നാളെ, അബുദാബിയിലും ദുബൈയിലുമുള്ള പ്രമുഖ തിങ്ക് ടാങ്കുകളുമായും ചിന്തകരുമായും പ്രതിനിധി സംഘം ചർച്ചകൾ നടത്തും.

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രസ്താവന പുറത്തിറക്കിയ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെയും ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Latest