From the print
പഹല്‍ഗാം ഭീകരാക്രമണം: തിരക്കിട്ട നീക്കം; പാക് വിമാനങ്ങള്‍ക്ക് വിലക്ക്
എന്‍ എസ് എ ബി പുനഃസംഘടിപ്പിച്ചു.

പഞ്ചാബിലെ അട്ടാരി- വാഗാ അതിർത്തി വഴി മടങ്ങിപ്പോകുന്ന പാകിസ്താൻ സ്വദേശികൾ
ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പാകിസ്താന് കൃത്യമായ തിരിച്ചടി നല്‍കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ. പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമ പാതയില്‍ വിലക്കേര്‍പ്പെടുത്തി. ഇതോടെ പാക് എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വീസ് നടത്തുന്ന കന്പനികള്‍ക്കും ഇനി ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാനാകില്ല.
എന്നാല്‍ പാകിസ്താന്‍ വഴി ഇന്ത്യയിലെത്തുന്ന വിദേശ വിമാനങ്ങള്‍ക്ക് വിലക്കില്ല. അതേസമയം, തിരിച്ചടിക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗങ്ങളിലാണ് ഇക്കാര്യം പരിഗണിച്ചത്. രാഷ്ട്രീയകാര്യ കേന്ദ്ര മന്ത്രിസഭാ സമിതി, സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി എന്നിവയാണ് ചേര്‍ന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പങ്കെടുത്തു. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ യോഗവും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
റോ മുന്‍ മേധാവി തലവന്‍
ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍ എസ് എ ബി) കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) മുന്‍ മേധാവി അലോക് ജോഷിയെ പുതിയ തലവനായി നിയമിച്ചു. അദ്ദേഹത്തോടൊപ്പം ആറ് പുതിയ അംഗങ്ങളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.
മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി എം സിന്‍ഹ, മുന്‍ ദക്ഷിണ കരസേനാ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ കെ സിംഗ്, റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന, മുന്‍ ഐ പി എസ് ഉദ്യോഗസ്ഥരായ രാജീവ് രഞ്ജന്‍ വര്‍മ, മന്‍മോഹന്‍ സിംഗ്, വിരമിച്ച ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥന്‍ ബി വെങ്കിടേഷ് വര്‍മ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനങ്ങള്‍ ഒഴിവാക്കി. ഈ മാസം ഒമ്പതിന് മോസ്‌കോയില്‍ നടക്കുന്ന വിക്ടറി ഡേയില്‍ പ്രധാനമന്ത്രിക്ക് പകരം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും.
പാകിസ്താന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി | നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ച്ചയായ ആറാം ദിവസവും ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെപ്പ് തുടര്‍ന്നു. നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍, ബാരാമുല്ല, കുപ്വാര, പൂഞ്ച് സെക്ടറുകളിലാണ് വെടിവെപ്പുണ്ടായത്.