Kerala
മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി സര്‍വീസ് നടത്തുന്ന 153 വാഹനങ്ങളില്‍ പ്രവര്‍ത്തനക്ഷമമായത് 121 മാത്രം
അധ്യയന വര്‍ഷാരംഭത്തിനു മുമ്പ് നടന്ന ഫിറ്റ്‌നസ് പരിശോധനയില്‍ തകരാര്‍ കണ്ടെത്തിയ 32 വാഹനം അറ്റകുറ്റപ്പണികള്‍ക്കായി മടക്കി അയച്ചു

മഅദിന്‍ അക്കാദമിയില്‍ നടന്ന വാഹന ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണ ക്ലാസിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ജി ദിലീപ്കുമാര്‍ നേതൃത്വം നല്‍കുന്നു
മലപ്പുറം | ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി സര്‍വീസ് നടത്തുന്ന 153 വാഹനങ്ങളില്‍ പൂര്‍ണമയി പ്രവര്‍ത്തന ക്ഷമമായത് 121 വാഹനങ്ങള്‍ മാത്രമാണെന്നു കണ്ടെത്തി. സുരക്ഷിതയാത്ര ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യയനവര്‍ഷാരംഭത്തിന്റെ മുന്നോടിയായി മലപ്പുറം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയിലാണ് കണ്ടെത്തല്‍.
പരിശോധനയ്ക്കായി ഹാജരാക്കിയ 153 വാഹനങ്ങളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ 121 വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിച്ചു നല്‍കി. തകരാറുകള്‍ കണ്ടെത്തിയ 32 വാഹനങ്ങളെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനായി മടക്കി അയച്ചു. മേല്‍മുറി മാഅദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിശോധനയോടനുബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടന്നു.
സ്‌കൂള്‍ കുട്ടികളെ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടിക്രമങ്ങളെക്കുറിച്ചും ഡിഫന്‍സീവ് ഡ്രൈവിംഗ് രീതികളെ കുറിച്ചും കുട്ടികളോടുള്ള പെരുമാറ്റ രീതികളുടെ പ്രാധാന്യത്തെ കുറിച്ചും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ജി ദിലീപ് കുമാര്‍ ക്ലാസ്സെടുത്തു. വാഹന പരിശോധനക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജയരാജ്, അയ്യപ്പദാസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഹരിലാല്‍, ദീപക്, ശ്രീകാന്ത്, സജീവ്, ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാഹനങ്ങളുടെ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആര്‍ ടി ഒ ഷഫീക്ക് അറിയിച്ചു.