National
ഒരു പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി
എട്ട് ദിവസത്തിനിടെ രണ്ടാമത്തെ പാക് ഉദ്യോഗസ്ഥനെയാണ് ഇന്ത്യ പുറത്താക്കുന്നത്.

ന്യൂഡൽഹി | ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഒരു പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനും നിർദേശിച്ചു. എട്ട് ദിവസത്തിനിടെ രണ്ടാമത്തെ പാക് ഉദ്യോഗസ്ഥനെയാണ് ഇന്ത്യ പുറത്താക്കുന്നത്. മെയ് 13-ന് ചാരവൃത്തി ആരോപിച്ച് ഹൈക്കമ്മീഷനിലെ മറ്റൊരു പാകിസ്താൻ ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു.
പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (PoK) ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളെയും തുടർന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകളെയും തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടയിലാണ് ഈ നടപടികൾ.
പാക് ഉദ്യോഗസ്ഥനെതിരായ പ്രത്യേക കുറ്റാരോപണങ്ങൾ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയില്ല.
ഇന്ത്യയിൽ ജോലി ചെയ്യുന്ന പാകിസ്താൻ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ തങ്ങളുടെ വിശേഷാധികാരങ്ങളും പദവിയും ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പാക് ഹൈക്കമ്മീഷൻ അധികൃതർക്ക് ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്.