Kerala
അസമില്‍ നിന്ന് കേരളത്തിലേക്ക് ഹോറോയില്‍ കടത്തുന്ന സംഘം പിടിയില്‍
സോപ്പുപെട്ടികളില്‍ സൂക്ഷിച്ച നിലയില്‍ ആറ് ബോക്‌സ് ഹെറോയിനാണ് അന്വേഷണസംഘം പിടികൂടിയത്

കൊച്ചി | അസമില്‍ നിന്ന് കേരളത്തിലേക്ക് ഹോറോയില്‍ കടത്തുന്ന സംഘം പിടിയില്‍. 65 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശികളായ അബ്ദുല്‍ ബഷര്‍ (30), ബിച്ച് മിലന്‍ (58), റുസ്തം അലി (22) എന്നിവരെയാണ് പെരുമ്പാവൂര്‍ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
അസമില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ആലുവയില്‍ എത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ ഹെറോയിനുമായി അല്ലപ്ര ഒര്‍ണ്ണ ഭാഗത്തേക്ക് വരികയായിരുന്നു. സോപ്പുപെട്ടികളില്‍ സൂക്ഷിച്ച നിലയില്‍ ആറ് ബോക്‌സ് ഹെറോയിനാണ് അന്വേഷണസംഘം പിടികൂടിയത്. അബുല്‍ ബഷര്‍ ആസാമില്‍ നിന്ന് കേരളത്തിലേക്ക് ഹെറോയിന്‍ കടത്തുന്ന മുഖ്യ കണ്ണിയാണ്.
ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു നാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അല്ലപ്രയിലെ പ്ലൈവുഡ് കമ്പനിയില്‍ കോണ്‍ട്രാക്ടര്‍ ആയി ജോലി ചെയ്യുന്നയാളാണ്. കോണ്‍ട്രാക്ടര്‍ ജോലിയുടെ മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നത്. ഭണ്ഡാരി എന്ന ഇരട്ട പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
ബോക്‌സ് ഒന്നിന് മുപ്പതിനായിരം രൂപയ്ക്ക് വാങ്ങുന്ന ഹെറോയിന്‍ ചെറിയ ഡപ്പികളിലാക്കി വില്‍പ്പന നടത്തിവരികയായിരുന്നു.ഒരു ഡപ്പിക്ക് ആയിരം രൂപ നിരക്കിലാണ് ഇയാള്‍ വില്പന നടത്തിയത്. ഒരു ബോക്‌സ് ഹെറോയിന്‍ 120 ഓളം ഡപ്പികളില്‍ ആക്കിയാണ് വില്‍പ്പന നടത്തിവന്നിരുന്നത്. ഒരുമാസം മുമ്പ് ഇയാളെ ഒമ്പത് ഡപ്പി ഹെറോയിനുമായി അന്വേഷണസംഘം പിടികൂടിയിരുന്നു.