International
ഇറാൻ-അമേരിക്ക സംഘർഷം: വെടിനിർത്തലിന് മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ
ഇറാന്റെ തുറമുഖങ്ങൾക്കോ സാമ്പത്തിക കേന്ദ്രങ്ങൾക്കോ നേരെ ആക്രമണമുണ്ടായാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സായുധ സേനാ വക്താവ് അബോൾഫസൽ ഷെകാർച്ചി
ടെഹ്റാൻ | അമേരിക്കയും ഇസ്റാഈലും തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകുക എന്നിവയാണ് സമാധാനത്തിനുള്ള വ്യവസ്ഥകളെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. റഷ്യൻ, പാകിസ്ഥാൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും ചേർന്ന് ആരംഭിച്ച ഈ യുദ്ധം അവസാനിപ്പിക്കാൻ ഈ നിബന്ധനകൾ പാലിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഇറാന്റെ തുറമുഖങ്ങൾക്കോ സാമ്പത്തിക കേന്ദ്രങ്ങൾക്കോ നേരെ ആക്രമണമുണ്ടായാൽ പേർഷ്യൻ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സായുധ സേനാ വക്താവ് അബോൾഫസൽ ഷെകാർച്ചി മുന്നറിയിപ്പ് നൽകി. തങ്ങളുടെ ഡോക്കുകളും തുറമുഖങ്ങളും ഭീഷണി നേരിട്ടാൽ മേഖലയിലെ എല്ലാ തുറമുഖങ്ങളെയും ലക്ഷ്യമിടുമെന്നും മുൻപത്തേക്കാൾ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം ഇറാന്റെ ഔദ്യോഗിക ടിവിയിലൂടെ വ്യക്തമാക്കി. കൂടാതെ, തങ്ങളുടെ മണ്ണിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കാൻ മേഖലയിലെ മറ്റ് രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

