Kerala
മഹാത്മാ ഗാന്ധിയെ അപമാനിച്ചു; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പോലീസില്‍ പരാതി
കെപിസിസി ജനറല്‍ സെക്രട്ടറി കെ ഷാജിര്‍ അറാഫത്ത് ആണ് പരാതി നല്‍കിയത്.
കോഴിക്കോട്|ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പോലീസില്‍ പരാതി. മഹാത്മാ ഗാന്ധിയെ അപമാനിച്ചു, പൊതുജനങ്ങള്‍ക്കിടയില്‍ വെറുപ്പുളവാക്കുന്ന രീതിയില്‍ ചിത്രീകരിച്ചുവെന്നതാണ് പരാതി. കെപിസിസി ജനറല്‍ സെക്രട്ടറി കെ ഷാജിര്‍ അറാഫത്ത് ആണ് പരാതി നല്‍കിയത്. പോലീസിന്റെ 112 എന്ന നമ്പറിലേക്ക് വിളിക്കുന്ന സ്ത്രീകളെല്ലാം വട്ടുള്ളവരാണ് എന്ന പരാമര്‍ശത്തിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.
ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു മന്ത്രി ഗണേഷ് കുമാര്‍ ഗാന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. ഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്റുവിനും വരെ പ്രണയങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്നാണ് മന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് ഷാജിര്‍ പരാതി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവി പരാതി കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ ആരോപണം. വലിയ രാഷ്ട്രീയ വിവാദമാണ് ഈ ആരോപണം ഉണ്ടാക്കിയത്. എന്നാല്‍ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമെന്നായിരുന്നു ആരോപണങ്ങള്‍ക്ക് മറുപടിയായി ഗണേഷ്‌കുമാര്‍ പറഞ്ഞത്.


