local body election 2025
ഇടതിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഒറ്റപ്പാലം നഗരസഭ പ്രതീക്ഷയോടെ മൂന്ന് മുന്നണികളും
ചരിത്രത്തിലാദ്യമായി ചെയര്‍പേഴ്സൻ സ്ഥാനത്തേക്ക് പട്ടികജാതി സ്ത്രീ സംവരണം
ഒറ്റപ്പാലം | 1995ലാണ് ഒറ്റപ്പാലം പഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തുന്നത്. അന്ന് മുതല്‍ 2020 വരെ എല്‍ ഡി എഫാണ് ഇവിടെ ഭരണത്തില്‍ ഏറിയിട്ടുള്ളത്. ഇടക്കാലത്ത് യു ഡി എഫും കോണ്‍ഗ്രസ്സ് വിമതരും ഭരിച്ചെങ്കിലും വിമത നേതാവിനെ അയോഗ്യനാക്കിയതോടെ വീണ്ടും 2013ല്‍ സി പി എം തന്നെ അധികാരത്തിലെത്തി.
എന്നാൽ, ഇത്തവണ മൂന്ന് മുന്നണികളും അധികാരത്തില്‍ കയറാമെന്നുള്ള കണക്കുകൂട്ടലിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നഗരസഭയില്‍ 36 സീറ്റുകളുണ്ടായിരുന്നത് 39 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് സീറ്റ് കൂടിയതിനൊപ്പം വാര്‍ഡുകളുടെ ഘടന മാറിയത് ആര്‍ക്കൊക്കെ ഗുണം ചെയ്യുമെന്നും ദോഷമാകുമെന്നും വോട്ടെണ്ണിയാലേ അറിയാന്‍ കഴിയൂ. നിലവില്‍ എൽ ഡി എഫിന് 16 സീറ്റാണുള്ളത്. 16ഉം സി പി എമ്മിന്റേതാണ്. സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും കഴിഞ്ഞതോടെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ദിവസം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സ്വതന്ത്രമുന്നണിയും ചേര്‍ത്ത് യു ഡി എഫ് 11 സീറ്റിലാണ് വിജയിച്ചിരുന്നത്. യു ഡി എഫില്‍ മൂന്ന് സീറ്റില്‍ ലീഗും ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ്സുമാണ് വിജയിച്ചിരുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ലീഗ് നാല് സീറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.
കഴിഞ്ഞ തവണത്തെ സി പി എം വിമതരായ സ്വതന്ത്രമുന്നണി യു ഡി എഫിനൊപ്പം മത്സരിക്കാനാണ് സാധ്യത. എത്ര സീറ്റുകളില്‍ സ്വതന്ത്രമുന്നണി മത്സരിക്കുമെന്നത് തീരുമാനമായിട്ടില്ല. യു ഡി എഫും ഉടന്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ബി ജെ പി കൂടുതല്‍ സാധ്യത കൽപ്പിക്കുന്ന നഗരസഭയാണ് ഒറ്റപ്പാലം.
നിലവില്‍ ഒന്പത് സീറ്റാണ് ബി ജെ പിക്കുള്ളത്. ഇത്തവണ മത്സരമുറപ്പാക്കി ഭരണം പിടിക്കാനാണ് ലക്ഷ്യം. ചരിത്രത്തിലാദ്യമായി ഇത്തവണ പട്ടികജാതി സ്ത്രീ സംവരണമാണ് ചെയര്‍പേഴ്സൻ സ്ഥാനത്തേക്ക്. അതുകൊണ്ടുതന്നെ ചെയര്‍പേഴ്സൻ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങളും മൂന്ന് പാര്‍ട്ടികളും തുടങ്ങിക്കഴിഞ്ഞു. കൂടുതല്‍ സീറ്റ് നേടിയിട്ടും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ വിജയിപ്പിക്കാനാകാതെ വന്നാല്‍ മുന്നണിക്ക് ഭരണം തന്നെ നഷ്ടമാകുമെന്ന സ്ഥിതിയുമുണ്ടാകും.






