Connect with us

Kerala

1,170 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം; രണ്ടായിരം പേര്‍ക്ക് കൂടി സാധ്യത

വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വന്ന സീറ്റുകള്‍ വീതംവെച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത്.

Published

|

Last Updated

കൊണ്ടോട്ടി | ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാനത്ത് നിന്ന് വെയ്റ്റിംഗ് ലിസ്റ്റിലെ 1,170 വരെയുള്ളവര്‍ക്കു കൂടി അവസരം. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വന്ന സീറ്റുകള്‍ വീതംവെച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത്.

നേരത്തേ, 10,331 ഹാജിമാര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചിരുന്നു. ഇതോടെ കേരളത്തില്‍ നിന്ന് ഈ വര്‍ഷം 11,501 പേര്‍ക്ക് ഹജ്ജിന് അവസരമായി. ഇനിയും 2,000 പേര്‍ക്ക് കൂടി അനുമതി ലഭിച്ചേക്കും.

പുതുതായി അവസരം ലഭിച്ചവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബേങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയിലോ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയിലോ പുറപ്പെടല്‍ കേന്ദ്രം അടിസ്ഥാനത്തില്‍ പണമടക്കേണ്ടതാണ്. കരിപ്പൂര്‍ തിരഞ്ഞെടുത്തവര്‍ 3,53,313 രൂപയും കൊച്ചി തിരഞ്ഞെടുത്തവര്‍ 3,53,967 രൂപയും കണ്ണൂര്‍ തിരഞ്ഞെടുത്തവര്‍ 3,55,506 രൂപയുമാണ് അടക്കേണ്ടത്. ബലി കര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 16,344 രൂപ അധികം അടക്കണം.

പുതുതായി അവസരം ലഭിച്ചവര്‍ ഒറിജിനല്‍ പാസ്സ്‌പോര്‍ട്ട്, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ (3.5 ഃ 3.5 സൈസില്‍ വെളുത്ത പ്രതലത്തില്‍), പണമടച്ച രശീതി, നിശ്ചിത ഫോറത്തിലുള്ള മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്‍ഡ് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് (ഗവ. അലോപ്പതി ഡോക്ടര്‍), ഹജ്ജ് അപേക്ഷാ ഫോറം, അനുബന്ധ രേഖകള്‍ എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഈ മാസം 17നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടാം. വെബ്‌സൈറ്റ്: hajcommittee.gov.in, keralahajcommittee.org.

 

Latest