Connect with us

National

ഓപറേഷന്‍ സിന്ദൂര്‍: ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന പ്രചാരണം ആവര്‍ത്തിച്ചു തള്ളി അജിത് ഡോവല്‍

ഇന്ത്യക്ക് കനത്ത നാശം വിതച്ചുവെന്ന് പറയുന്നതിന് തെളിവായി ഒരു ചിത്രമെങ്കിലും പുറത്തുവിടാനാകുമോ എന്ന് അജിത് ഡോവല്‍.

Published

|

Last Updated

ചെന്നൈ | ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന തരത്തിലുള്ള പ്രചാരണം ആവര്‍ത്തിച്ച് തള്ളി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാകിസ്ഥാന്‍ എന്തൊക്കെയോ ചെയ്തുവെന്ന് പറയുന്ന വിദേശമാധ്യമങ്ങള്‍ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാന്‍ അജിത് ഡോവല്‍ ആവശ്യപ്പെട്ടു. ഐ ഐ ടി മദ്രാസില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് അജിത് ഡോവല്‍ ഈ പ്രസ്താവന നടത്തിയത്.

പാകിസ്താന്റെ ആക്രമണത്തില്‍ ഇന്ത്യയിലെ ഏതെങ്കിലുമൊരു ജനല്‍ച്ചില്ല് തകര്‍ന്നതിന്റെ ചിത്രമെങ്കിലും കാണിച്ചു തരാനാകുമോ എന്നും ഇന്ത്യക്ക് കനത്ത നാശം വിതച്ചുവെന്ന് പറയുന്നതിന് തെളിവായി ഒരു ചിത്രമെങ്കിലും പുറത്തുവിടാനാകുമോ എന്നും ഡോവല്‍ ചോദിച്ചു. ഇതെല്ലാം വെറുതെ എഴുതിവിടുന്നതാണ്. പാകിസ്താനിലെ 13 പാക് വ്യോമത്താവളങ്ങളും ഒമ്പത് തീവ്രവാദ ക്യാമ്പുകളും ഇന്ത്യന്‍ സൈന്യം ആക്രമിച്ചു തകര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താന്റെ ഉള്‍പ്രദേശങ്ങളിലുള്ള തീവ്രവാദ താവളങ്ങളിലേക്ക് വളരെ കൃത്യതയോടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളില്‍ നാശനഷ്ടം വ്യക്തമാണ്. മെയ് പത്തിന് മുമ്പും അതിനു ശേഷവുമുള്ള പാകിസ്താനിലെ 13 വ്യോമ താവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. അജിത് ഡോവല്‍ കൂട്ടിച്ചേര്‍ത്തു.

 

Latest