Connect with us

Prathivaram

ഓൺലൈൻ പഠനം: ഇപ്പോൾ സംഭവിക്കുന്നത്

Published

|

Last Updated

കൊവിഡ് 19 ലോകം മുഴുവനും ജനജീവിതത്തെയാകമാനം അട്ടിമറിച്ചു കഴിഞ്ഞു. ഇതിൽനിന്നും കരകയറാൻ ജനങ്ങൾ ഒന്നടങ്കം അതിജീവനത്തിന്റെ പാതയിലാണ്. ഇന്ത്യയിൽ കൊവിഡിന്റെ കാര്യമായ ആക്രമണം തുടങ്ങിയത് 2020 മാർച്ച് മാസത്തോടെയാണ്. അതിന് ശേഷം വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. യുനെസ്കോയുടെ കണക്കനുസരിച്ച് 154 കോടി വിദ്യാർഥികളുടെ വിദ്യാഭ്യാസമാണ് ലോകത്താകമാനം കൊവിഡ് മൂലം തടസ്സപ്പെട്ടിരിക്കുന്നത്. ഇതിൽ 32 കോടിയും ഇന്ത്യയിലാണ്. കേരളത്തിൽ ഇത് 75 ലക്ഷത്തോളം വരും.
കേരളം കൊവിഡിനെ പിടിച്ചുകെട്ടി എന്ന ആത്മവിശ്വാസത്തോടെ സാധാരണ സ്‌കൂൾ പഠനത്തിന് ബദൽ സംവിധാനമൊരുക്കി ജൂൺ ഒന്നാം തീയതി മുതൽ ഓൺലൈൻ പഠനത്തിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ്. ഈ പുതിയ പരീക്ഷണത്തിൽ പഠനം ക്ലാസ് മുറികളിൽനിന്നും ഗൃഹാന്തരീക്ഷത്തിലേക്ക് പറിച്ചുനടപ്പെട്ടിരിക്കുന്നു. പുതിയ ഒരു സംരംഭമായതുകൊണ്ട് ഓൺലൈൻ പഠനം അധ്യാപകർക്കും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും നിരവധി വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. അതുകൊണ്ട്തന്നെ ഇത്തരമൊരു നവയുഗ പഠനമാധ്യമത്തിൽ അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളും പഠനം വിജയപ്രദമാക്കാൻ എന്തൊക്കെ ചെയ്യണം, ചെയ്യാതിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകൾ വരുത്തേണ്ടതുണ്ട്.

ഇലക്‌ട്രോണിക് ഗാഡ്ജറ്റ്‌സ്:
ഇരുതല മൂർച്ചയുള്ള ആയുധം

ഓൺലൈൻ പഠനം പുതുപുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരിക്കും. അതിന് പലവിധ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. അതായത് ഒന്നാം ക്ലാസുകാരൻ വരെ ഇനി ഉപയോഗിക്കാൻ പോകുന്നത് സ്മാർട്ട് ഫോണും ടാബും ലാപ്പ്‌ടോപ്പുമായിരിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ ഗുണവും ദോഷവും മനസ്സിലാക്കി, ആവശ്യമുള്ളത് സ്വീകരിക്കാനും ആവശ്യമില്ലാത്തത് തിരസ്‌കരിക്കാനുമുള്ള മാനസിക പക്വത ഇല്ലാത്ത പ്രായത്തിലാണ് ഇരുതല മൂർച്ചയുള്ള ഇത്തരം ഇലക്‌ട്രോണിക് സാമഗ്രികൾ കുട്ടികളുടെ കൈയിൽ എത്തിപ്പെടുന്നത്. കുട്ടിയുടെ കൈവിരലൊന്നമർത്തിയാൽ വൈജ്ഞാനികതയുടെ പിടികിട്ടാ ലോകത്തേക്ക് ഊളിയിട്ടിറങ്ങാം. മറിച്ച് കൈവിരൽ തെറ്റായിട്ടൊന്നമർത്തിയാൽ കുട്ടി കാണാൻ പാടില്ലാത്തതും കേൾക്കാൻ പാടില്ലാത്തതും പഠനത്തേയും സ്വഭാവരൂപവത്കരണത്തേയും ഏറ്റവും മോശമായി സ്വാധീനിക്കുന്ന മറ്റൊരു ലോകത്തേക്ക് പറന്നു പറന്നുപോകും. ഇവരുടെ ഗാഡ്ജറ്റ് ഉപയോഗം പഠനത്തിനപ്പുറം പരിധിവിട്ട് പോയാൽ മറ്റ് സൈറ്റുകൾ സന്ദർശിക്കാനും പതിയെ പതിയെ ബ്ലൂവെയിൽ, പബ്ജി പോലെയുള്ള ഗെയിമിംഗ് അഡിക്്ഷനിലേക്ക് തിരിയാനും സാധ്യതയുണ്ട്.

കൂടാതെ അശ്ലീല പാംഗ് സൈറ്റുകൾ സന്ദർശിക്കാനും ചാറ്റിംഗ്, ഡേറ്റിംഗ്, സൈബർ സെക്‌സ് അഡിക്്ഷൻ എന്നീ പുത്തൻ അഡിക്്ഷൻ രോഗങ്ങൾ പിടിപെടാനുമുള്ള സാധ്യതയും ഏറെയാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഇതൊന്നും പൂർണമായും തടയാൻ കഴിയില്ലെങ്കിലും കുട്ടികൾ തന്നെ സ്വയം മനസ്സിലാക്കി ഇത്തരം ഇലക്‌ട്രോണിക് ഉപകരണങ്ങൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ഭാവിയിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.
ഓൺലൈൻ ക്ലാസുകൾ യഥാർഥ ക്ലാസ്‌റൂം പഠനം പോലെയല്ല. ഇവിടെ കുട്ടികളെ നിർബന്ധിക്കാനോ, നിയന്ത്രിക്കാനോ ആരും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ സ്വന്തം ഉത്തരവാദിത്വവും താത്പര്യവും ആണ് ഓൺലൈൻ പഠനത്തിൽ ഏറ്റവും പ്രധാനം. ഓൺലൈൻ ക്ലാസുകളിൽ നിന്നും മാറി നിൽക്കാതിരിക്കാനും ക്ലാസ് സമയത്ത് ഉറങ്ങാതിരിക്കാനും മറ്റ് കളികളിലേർപ്പെടാതിരിക്കാനും ശ്രദ്ധിക്കണം.

ഒരു ദിവസം ആറ് മണിക്കൂറിലധികം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് ശരീരത്തിനും മനസ്സിനും നല്ലതല്ല. നിരവധി ജീവിതശൈലീ രോഗങ്ങൾക്ക് ഇത് വഴിതെളിയിക്കാം. അതുകൊണ്ട് ക്ലാസ് കഴിഞ്ഞാൽ കുറച്ച് സമയം വ്യായാമത്തിനായി നീക്കിവെക്കുക.
എന്തായാലും കൊവിഡിന്റെ വ്യാപനം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിലൊന്നും അടങ്ങാൻ പോകുന്നില്ല എന്നാണ് സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത്. ഇനി അഥവാ ഓൺലൈൻ ക്ലാസുകൾ അവസാനിച്ചാൽ തന്നെ കൊവിഡിന്റെ വ്യാപനം ഒഴിവാക്കാനായി കുട്ടികൾ പഴയ പഠനശീലങ്ങൾ ഉപേക്ഷിച്ച് പുതിയവ വളർത്തിയെടുക്കേണ്ടിവരും. പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക, കൈകൾ അടിക്കടി സോപ്പിട്ട് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ കുട്ടികൾ എത്രകണ്ട് പ്രാവർത്തികമാക്കും എന്ന കാര്യം പ്രധാനമാണ്. മാത്രമല്ല കുട്ടികൾ സ്‌കൂൾ വിട്ട് വീട്ടിൽ വന്നാൽ ബാഗ്, വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ എന്നിവ എത്രകണ്ട് അണുവിമുക്തമാക്കുമെന്നതും വ്യക്തിശുചിത്വത്തിൽ എത്രകണ്ട് ശ്രദ്ധിക്കും എന്നതും ഏറെ പ്രധാന്യമേറിയ കാര്യമാണ്.

Latest