Connect with us

Online Rummy

യുവാക്കളെ അടിമകളാക്കി ഓൺലൈൻ ചൂതാട്ടം

ചൂതിൽ പൊലിഞ്ഞത് നിരവധി ജീവൻ

Published

|

Last Updated

മലപ്പുറം | യുവാക്കളെ കുരുക്കിലാക്കി ഓൺലൈൻ ചൂതാട്ടക്കളികൾ സജീവമാകുന്നു. ഈ അടുത്തായി പുറത്തിറങ്ങിയ “റമ്മി ഗോൾ’ എന്ന മൊബൈൽ ഗെയിമിനാണ് യുവാക്കൾ അടിമകളായി മാറുന്നത്. നിരവധി റമ്മി ഗെയിമുകൾ മൊബൈൽ ഫോണുകളിൽ ലഭ്യമായിരുന്നെങ്കിലും “റമ്മി ഗോളി’ലേക്കാണ് കൂടുതലായി ആകർഷിക്കുന്നത്. കളിക്കുന്നവർക്ക് പണം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

പ്ലേ സ്റ്റോറിൽ നിന്നാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത്. 50, 100, 1,000, 5,000, 10,000, 20,000 എന്നീ തുകകൾക്കാണ് ചൂതാട്ടം ആരംഭിക്കുന്നത്. “ഡ്രാഗൺ’, “ടൈഗർ’ എന്നീ പൂളുകളിൽ പണം നിക്ഷേപിച്ച് കഴിഞ്ഞാൽ ചീട്ട് എടുക്കാൻ തുടങ്ങാം. ചീട്ടുകൾ ഒന്നിച്ചുവന്നാൽ നിക്ഷേപിച്ച തുകയേക്കാൾ ഇരട്ടിയായി ലഭിക്കും. തുടർന്ന് ആ തുക അക്കൗണ്ടിലേക്ക് മാറ്റാം. എന്നാൽ, അക്കൗണ്ടിലേക്ക് മാറ്റാൻ കളിക്കുന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പറും ഐ എഫ് സി കോഡും ഗെയിം കമ്പനിക്ക് കൊടുക്കണം. ഇത് എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ ഗെയിം കമ്പനി ഉറപ്പ് നൽകുന്നുമില്ല. എന്നാൽ, ചീട്ടുകൾ ഒന്നിച്ചുവന്നില്ലെങ്കിൽ കളിക്കുന്ന ആൾക്ക് നിക്ഷേപിച്ച തുക പൂർണമായും നഷ്ടപ്പെടും. ഇങ്ങനെ നിരവധി പേർക്കാണ് പണം നഷ്ടമായത്. പണം കിട്ടിയവരാകട്ടെ അതും നിക്ഷേപിച്ച് വീണ്ടും കളിക്കും. തമിഴ്‌നാട്, അസം, തെലങ്കാന, ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളവും ഓൺലൈൻ റമ്മി നിരോധിച്ച് വിജ്ഞാപനമിറക്കിയിരുന്നു. പക്ഷേ, ഗെയിമിംഗ് കമ്പനി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയാണുണ്ടായത്. നിയമമില്ലാത്തതിനാൽ കേസെടുക്കാൻ പോലീസിനും കഴിയാത്ത അവസ്ഥയാണ്.

അതേസമയം, ഓൺലൈനിൽ ചൂതുകളിച്ച് ലക്ഷങ്ങൾ കളഞ്ഞുകുളിച്ച് ജീവിതം അവസാനിപ്പിക്കുന്ന യുവാക്കളുടെയും വിദ്യാർഥികളുടെയും എണ്ണം കൂടിവരികയാണ്. ഐ എസ് ആർ ഒയിലെ കരാർ ജീവനക്കാരനായിരുന്ന വി എച്ച് വിനീത് ഓൺലൈൻ ഗെയിം കളിച്ച് 25 ലക്ഷം രൂപയുടെ കടബാധ്യത കയറിയാണ് ആത്മഹത്യ ചെയ്തത്. വഞ്ചിയൂർ ട്രഷറിയിലെ അക്കൗണ്ടന്റ് ബിജുലാൽ ട്രഷറിയിൽ കൈയിട്ടുവാരിയ 2.70 കോടി കൊണ്ടാണ് ചൂതാട്ടം നടത്തിയത്.

തൃശൂരിലെ പതിനാലുകാരനുൾപ്പെടെ അരഡസനോളം പേർ ഓൺലൈനിൽ ചൂതാടി പണം നഷ്ടമായി ജീവനൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ആകർഷകമായ പരസ്യം നൽകിയാണ് ഗെയിമുകൾ യുവാക്കളെ ആകർഷിക്കുന്നത്. മറുവശത്ത് ആളുകളുമായല്ല, കമ്പ്യൂട്ടർ നിയന്ത്രിത നിർമിത ബുദ്ധി സാങ്കേതികവിദ്യയോടാണ് കളിക്കുന്നത്. കളിക്കാനെത്തുന്നവരുടെ വൈദഗ്ധ്യം മനസ്സിലാക്കി ആവശ്യമുള്ള കാർഡുകൾ നൽകാതിരിക്കുന്നതും ചെറിയ തുക ബോണസ് നൽകി കളി തുടരാൻ പ്രേരിപ്പിക്കുന്നതും ഗെയിമുകളുടെ രീതിയാണ്. ഇ-മെയിൽ അടക്കമുള്ള വിവരങ്ങളെല്ലാം നൽകി സ്വമേധയാ രജിസ്റ്റർ ചെയ്താണ് റമ്മി കളിക്കുന്നത്. കൈയിൽ പണമില്ലെങ്കിൽ വായ്പയെടുത്ത് കളിക്കാൻ സൗകര്യമൊരുക്കുന്നുണ്ട്. ദിവസക്കണക്കിനുള്ള കൊള്ളപ്പലിശക്ക് മിനുട്ടുകൾക്കകം ആപ്പുകൾ വായ്പ നൽകും. പണം തീരുമ്പോൾ വീണ്ടും വായ്പയെടുക്കാം. ഒടുവിൽ വലിയ ദുരന്തമാകും കാത്തിരിക്കുക.

Latest