From the print
വൺ ടൈം, വൺ ലൈഫ്; കാന്തപുരത്തിന്റെ ജീവിതം ഇംഗ്ലീഷിൽ പുസ്തകമാകുന്നു
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് മൂൺ പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്

കോഴിക്കോട് | അമേരിക്ക ഉൾപ്പെടെ 40 ലധികം രാജ്യങ്ങൾ സന്ദർശിച്ച കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പാകിസ്താൻ സന്ദർശിക്കാതിരുന്നത് എന്ത് കൊണ്ടായിരുന്നു, കാന്തപുരത്തെ പിന്തുടരുന്ന നിരവധി വിശ്വാസികൾ ഉണ്ടായിട്ടും അവിടെ സന്ദർശിക്കാൻ എന്ത് കൊണ്ട് തയ്യാറായില്ല എന്നതിന് കാന്തപുരത്തിന് വ്യക്തമായ ഉത്തരമുണ്ട്.
ഇതുവരെയും പുറത്ത് വരാത്ത അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇത്തരം സുപ്രധാന അധ്യായങ്ങൾ വിശകലനം ചെയ്യുന്ന One Time One Life; The Incredible Story of the Grand Mufti of India എന്ന ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥം പുറത്തിറങ്ങുന്നു.
അന്തർദേശീയ തലത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകത്തിൽ നിമിഷ പ്രിയ കേസിൽ ശിക്ഷായിളവിന് വേണ്ടി നടത്തിയ ശ്രമങ്ങൾ, സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സമാധാന ശ്രമങ്ങൾ ഉൾപ്പെടെ വിശദമാക്കുന്നു.
നിമിഷ പ്രിയ കേസിൽ ഇടപെട്ടതു പോലെ 25 വർഷം മുമ്പ് ശ്രീലങ്കൻ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ ജയിൽ മോചിതരാക്കാൻ ശ്രീലങ്കൻ സർക്കാറുമായി ചർച്ച നടത്തിയത് അന്ന് വലിയ സംഭവമായി. ഇതേത്തുടർന്ന് ഭൂരിപക്ഷം പേരെയും മോചിപ്പിക്കുകയും ബാക്കിയുള്ളവരെ ഇന്ത്യൻ ജയിലുകളിലേക്ക് മാറ്റുകയും ചെയ്ത സാഹസിക കഥ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
സഊദി സർക്കാറിന്റെ ഔദ്യോഗിക അതിഥിയായി കഅ്ബ കഴുകൽ ചടങ്ങിൽ പങ്കെടുത്തപ്പോൾ കഅ്ബക്കുള്ളിൽ വെച്ച് ചിന്തിച്ചതെന്ത്?, നടത്തിയ പ്രാർഥന, ന്യൂയോർക്ക് സന്ദർശിച്ചപ്പോഴുള്ള വിശദമായ അനുഭവങ്ങൾ, തീവ്രവാദ സംഘടനയായ ഐ എസിനെതിരെയുള്ള ഫത്‌വ തുടങ്ങിയവ പുസ്തകത്തിൽ പങ്കുവെക്കുന്നു.
അന്തർദേശീയ നേതാക്കളുമായി കാന്തപുരം സൂക്ഷിക്കുന്ന ഇതുവരെ എവിടെയും രേഖപ്പെടുത്താത്ത ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് മൂൺ പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നവംബറിൽ പുറത്തിറങ്ങും.
കവർ പ്രകാശനം മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ നടന്നു. മർകസ് പൂർവ വിദ്യാർഥി സലാം കോളിക്കൽ ആണ് രചയിതാവ്. രാജ്യത്തെ പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. അനിൽ സേഥിയാണ് അവതാരിക എഴുതിയത്.
ലണ്ടൻ, ദുബൈ, ഡൽഹി എന്നിവിടങ്ങളിൽ പുസ്തകം പ്രകാശനം നടക്കും. കാന്തപുരത്തിന്റെ ജീവിതം ആസ്പദമാക്കി ഇംഗ്ലീഷിൽ പുറത്തിറങ്ങുന്ന പ്രഥമ ഗ്രന്ഥമാണിത്. കാന്തപുരത്തിന്റെ ആത്മകഥയായ “വിശ്വാസപൂർവം’ നേരത്തേ മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു.