Connect with us

National

ഒരു ഘട്ടം കൂടി; തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കേ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇരു മുന്നണികളും

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളാണ്‌ ഏഴാം ഘട്ടത്തില്‍ വിധിയെഴുതുക.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടം ജൂണ്‍ ഒന്നിന് ശനിയാഴ്ച നടക്കും. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളാണ്‌ ഏഴാം ഘട്ടത്തില്‍ വിധിയെഴുതുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയും ഇതില്‍ ഉള്‍പ്പെടും. ജൂണ്‍ നാല് ചൊവ്വാഴ്ചയാണ് ഏഴ് ഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുക.

ആറ് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഒരുക്കങ്ങള്‍ നടത്തിവരികയാണ് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ.

പ്രധാന മന്ത്രി നരേന്ദ്ര മോദി ചാര്‍ സൗ പാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും 400 സീറ്റ് എന്ന മുന്‍ അവകാശവാദത്തില്‍ നിന്ന് പിറകോട്ട് പോയിട്ടുണ്ട്. വീണ്ടും അധികാരം ലഭിക്കുമെന്നതില്‍ നേരത്തെയുള്ളത്ര പ്രതീക്ഷ ബി ജെ പിയും പ്രകടിപ്പിച്ചു കാണുന്നില്ല.

അതേസമയം, മുമ്പത്തേതിനേക്കാള്‍ ശുഭാപ്തി വിശ്വാസമാണ് ഇന്ത്യ സഖ്യം നിലവില്‍ പ്രകടിപ്പിക്കുന്നത്. സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് മുന്നണി നേതാക്കളില്‍ പലരും ആവര്‍ത്തിച്ചു പറയുന്നുണ്ട്. സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ദക്ഷിണേന്ത്യയില്‍ പരമാവധിയും ഹിന്ദി ഹൃദയ ഭൂമിയിലടക്കം മുമ്പത്തേതിനേക്കാളും സീറ്റും നേടാനാകുമെന്നു തന്നെയാണ് സഖ്യം പ്രതീക്ഷിക്കുന്നത്.

 

Latest