Connect with us

omicron varient

ഒമിക്രോൺ വ്യാപനം അതിവേഗം; ഭീതിയിൽ യൂറോപ്പ്

ബ്രിട്ടനിലെ കൊവിഡ് കേസിൽ അറുപത് ശതമാനവും ഒമിക്രോൺ. ക്രിസ്മസ് ആഘോഷത്തിനിടെ കൂടുതൽ നിയന്ത്രണം

Published

|

Last Updated

ലണ്ടൻ | കൊറോണവൈറസ് വകഭേദമായ ഒമിക്രോൺ കൈവിട്ട് പടരുന്നു. ഒമിക്രോൺ അതിവേഗ വ്യാപനത്തിന്റെ കേന്ദ്രമായി ബ്രിട്ടനും തലസ്ഥാനമായ ലണ്ടനും മാറുന്നു. രാജ്യവ്യാപകമായി 25,000 കേസാണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ പതിനായിരം കേസുകളുടെ വർധനവാണുണ്ടായിരിക്കുന്നതെന്ന് യു കെ ആരോഗ്യ സുരക്ഷാ ഏജൻസി (യു കെ എച്ച് എസ് എ) പറഞ്ഞു. ദുരന്ത സമാനമായ അവസ്ഥയിലേക്കാണ് ലണ്ടൻ പോകുന്നതെന്നാണ് മേയർ മുന്നറിയിപ്പ് നൽകിയത്. ഒമിക്രോൺ വ്യാപനത്തെ “മേജർ ഇൻസിഡന്റ്’ ആയി അദ്ദേഹം പ്രഖ്യാപിച്ചു.

ഏഴ് മരണമാണ് യു കെയിൽ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. ആയിരക്കണക്കിന് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങൾ നടക്കാനിരിക്കെ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ മുപ്പത് ശതമാനം വർധനവുണ്ടായ സാഹചര്യത്തിൽ കൂടുതൽ കേന്ദ്ര സഹായം വേണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ആവശ്യപ്പെട്ടു. ബ്രിട്ടനിൽ പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസിന്റെ അറുപത് ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി സാജിദ് ജാവിദ് പറഞ്ഞു. ശനിയാഴ്ച മാത്രം 90,418 കൊവിഡ് കേസാണ് രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്തത്. കൂടുതൽ നിയന്ത്രണമേർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് ബോറിസ് ജോൺസൺ സർക്കാർ.

കൂടുതൽ നിയന്ത്രണങ്ങൾ

ഒമിക്രോണിന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ നിയന്ത്രണത്തിലേക്ക് കടക്കുന്നു.

പ്രതിദിനം പതിനയ്യായിരത്തിലധികം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നെതർലാൻഡ്‌സ് ക്രിസ്മസ് കാലത്ത് ലോക്ക്ഡൗണിലേക്ക് നീങ്ങി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളൊഴികെ ജനുവരി 14 വരെ അടച്ചിടും. ബാർബർ ഷോപ്പുകൾ, ജിം, സിനിമാ തിയേറ്ററുകൾ എന്നിവ അടച്ചിടുന്നതിൽ ഉൾപ്പെടും.

ഒമിക്രോൺ വകഭേദത്തെ തുടർന്ന് അഞ്ചാം തരംഗമുണ്ടായേക്കുമെന്ന ഭീതിയിലാണ് ജർമനി. ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി.

സമാനമായ രീതിയിൽ ബ്രിട്ടനിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഫ്രാൻസും വിലക്കേർപ്പെടുത്തി.

Latest