Connect with us

siraj editorial

എണ്ണ നികുതിയിളവ് ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഞെട്ടലില്‍

ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് ഇപ്പോഴത്തെ വിലക്കുറവിനു കാരണമായി വിലയിരുത്തപ്പെടുന്നത്. പെട്രോള്‍ വില വര്‍ധനവിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളോടെല്ലാം കേന്ദ്രം മുഖം തിരിച്ചിരിക്കുകയായിരുന്നു ഇതുവരെയും. ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതോടെയാണ് ഒറ്റ രാത്രി കൊണ്ട് ഇളവ് പ്രഖ്യാപിച്ചത്

Published

|

Last Updated

ചുട്ടുപൊള്ളുന്ന ഇന്ധനവില വര്‍ധനയില്‍ നിന്ന് ഇന്ത്യന്‍ ജനതക്ക് ചെറിയൊരു ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ യഥാക്രമം അഞ്ചും പത്തും രൂപ വീതം കുറച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധനവില 30 രൂപ വര്‍ധിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ നേരിയൊരു ഇളവ് വരുത്തിയത്. ഇതോടെ കേരളത്തില്‍ പെട്രോളിന് 6.30 രൂപയും ഡീസലിന് 12.27 രൂപയും കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൂടി നികുതി ഇളവ് പ്രഖ്യാപിച്ചാല്‍ വില ഇനിയും കുറയും. എന്നാല്‍ ഇന്ധന നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിനു ആനുപാതികമായി കേരളത്തിലും കുറവ് വന്നിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി നികുതി കുറക്കേണ്ടതില്ലെന്നുമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴൊന്നും കേരളം അങ്ങനെ ചെയ്തിട്ടില്ല. ഇന്ധനവില കുറച്ച സംസ്ഥാനങ്ങളെല്ലാം അന്ന് വര്‍ധിപ്പിച്ച തുകയാണ് കുറച്ചതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ പ്രതികരിക്കേണ്ടതു പോലെ പ്രതികരിച്ചാല്‍ മോദി സര്‍ക്കാറും നേരേ വരുമെന്നാണ് ഇന്ധന നകുതി കുറച്ച നടപടി വ്യക്താക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് ഇപ്പോഴത്തെ വിലക്കുറവിനു കാരണമായി വിലയിരുത്തപ്പെടുന്നത്. പെട്രോള്‍ വില വര്‍ധനവിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളോടെല്ലാം കേന്ദ്രം മുഖം തിരിച്ചിരിക്കുകയായിരുന്നു ഇതുവരെയും. ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതോടെയാണ് ഒറ്റ രാത്രി കൊണ്ട് ഇളവ് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെയും ബി ജെ പിയുടെയും നയങ്ങളോടും നടപടികളോടുമുള്ള പ്രതികരണങ്ങളാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. വിശിഷ്യാ കുതിച്ചുയര്‍ന്ന ഇന്ധന വിലക്കും കര്‍ഷക സമരത്തിനും ഇതില്‍ കാര്യമായ സ്വാധീനമുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഏത് തരത്തില്‍ ചിന്തിക്കുമെന്നതിന്റെ മുന്നറിയിപ്പായോ സൂചനയായോ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലത്തെ കണക്കാക്കേണ്ടതുണ്ട്. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടാണ് ഈ നടപടി. ഈ തിരഞ്ഞെടുപ്പുകള്‍ വിശിഷ്യാ യു പി തിരഞ്ഞെടുപ്പ് ബി ജെ പിയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കേന്ദ്രത്തിന്റെ ഇളവിനു പുറമെ എന്‍ ഡി എ നിയന്ത്രണത്തിലുള്ള ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക, മണിപ്പൂര്‍, ത്രിപുര, ഗോവ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അധിക വെട്ടിക്കുറവ് പ്രഖ്യാപിച്ചതും ഇതടിസ്ഥാനത്തിലാണ്.

ഉപതിരഞ്ഞെടുപ്പുകളില്‍ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബംഗാളില്‍ ആറ് മാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ച ദിനാതയും ശാന്തിപൂരും ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും കനത്ത പരാജയമാണ് ബി ജെ പിക്കുണ്ടായത്. ശാന്തിപൂര്‍ ഒഴികെ ബാക്കി മൂന്ന് സീറ്റിലും ബി ജെ പി ക്ക് കെട്ടിവെച്ച പണവും നഷ്ടമായി. അടുത്ത വര്‍ഷം സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ ജില്ലയിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിലും ഫത്തേപൂര്‍, അര്‍ക്കി, ജുബ്ബല്‍-കോട്ഖായ് നിയമസഭാ സീറ്റുകളിലും ബി ജെ പി പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പി വിജയിച്ച മണ്ഡലമാണ് മണ്ഡി. 2019ല്‍ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പാര്‍ട്ടിയുടെ വിജയം. ഇത്തവണയും ഈ സീറ്റില്‍ അനായാസ വിജയം നേടുമെന്നായിരുന്നു ബി ജെ പിയുടെ പ്രതീക്ഷ. രാജസ്ഥാനില്‍ വല്ലഭ്നഗറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി നാലാം സ്ഥാനത്തായി. ധരിയാവാദില്‍ മൂന്നാം സ്ഥാനത്തും. മികച്ച പ്രചാരണം നടത്തിയിട്ടും മഹാരാഷ്ട്രയിലെ നാന്ദേഡിലെ ദെഗ്‌ലൂര്‍ നിയമസഭാ സീറ്റിലെ തോല്‍വിയും ബി ജെ പിയെ ഞെട്ടിച്ചിട്ടുണ്ട്. കര്‍ഷക സമരം നേരിട്ടുബാധിച്ച ഹരിയാനയിലെ എല്ലനാബാദില്‍ ഐ എന്‍ എല്‍ ഡി നേതാവ് അഭയ് ചൗട്ടാലയുടെ വിജയവും ബി ജെ പിക്ക് നിസ്സാരമായി കാണാനാകില്ല. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ജനുവരിയില്‍ അഭയ് ചൗട്ടാല എം എല്‍ എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിനത്തില്‍ കേന്ദ്രം ഏതാനും വര്‍ഷങ്ങളായി കൈക്കലാക്കിയ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ തുച്ഛമാണ് നികുതിയിനത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകള്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇന്ധനത്തിന്റെ എക്‌സൈസ് തീരുവയിനത്തില്‍ കേന്ദ്രം 3.34 ലക്ഷം കോടി രൂപ നേടിയതായി ജൂലൈ 19ന് പാര്‍ലിമെന്റില്‍ വെളിപ്പെടുത്തിയിരുന്നു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണിത്. പെട്രോളില്‍ നിന്ന് നികുതിയായി 1,01,598 കോടിയും ഡീസലില്‍ നിന്ന് 2,33,296 കോടിയുമാണ് പിരിച്ചെടുത്തത്. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത പ്രത്യേക നികുതി, സെസ് എന്നിവയിലൂടെയാണ് കേന്ദ്രം ഇതെല്ലാം കൈക്കലാക്കിയത്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ വാഹന ഉപയോഗം കുറവായിട്ടും ഇത്രയും നികുതി ലഭിച്ചെങ്കില്‍ അതിനു ശേഷമുള്ള മാസങ്ങളില്‍ വരുമാനം പിന്നെയും വര്‍ധിച്ചിട്ടുണ്ടാകണം. എന്‍ ഡി എ അധികാരത്തില്‍ എത്തിയപ്പോള്‍ പെട്രോളിന് എക്‌സൈസ് നികുതി ഒമ്പത് രൂപ 48 പൈസയായിരുന്നു. ഇത് 32.90 പൈസയിലെത്തിയിരുന്നു കഴിഞ്ഞ വാരം. വ്യാഴാഴ്ച അഞ്ച് രൂപ കുറഞ്ഞതോടെ ഇത് 27.90 പൈസയായി കുറഞ്ഞെങ്കിലും എന്‍ ഡി എ അധികാരത്തില്‍ എത്തിയപ്പോഴുണ്ടായിരുന്ന നിരക്കിന്റെ മൂന്നിരട്ടി വരും ഇപ്പോഴും എക്‌സൈസ് തീരുവ. ഡീസലിന് മൂന്ന് രൂപ 56 പൈസയായിരുന്നു 2014ലെ നികുതി. ഇപ്പോള്‍ പത്ത് രൂപ കുറച്ചിട്ടും 21 രൂപ 80 പൈസയുണ്ട്.

Latest