Uae
ഫുജൈറയിലെ ഓയിൽ ടാങ്ക് തീപ്പിടിത്തം; കിരീടാവകാശി നടപടികൾ വിലയിരുത്തി
താമസക്കാരുടെ സുരക്ഷയും വ്യവസായ മേഖലയുടെ സുരക്ഷിതത്വവുമാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്ന് ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി പറഞ്ഞു.
ഫുജൈറ|ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലെ ഓയിൽ ടാങ്കിനുണ്ടായ തീപിടിത്തത്തെത്തുടർന്ന് സ്വീകരിച്ച അടിയന്തര സുരക്ഷാ നടപടികൾ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി ഇന്നലെ വിലയിരുത്തി. തീപ്പിടിത്തം നിയന്ത്രിക്കുന്നതിലും പ്രദേശം സുരക്ഷിതമാക്കുന്നതിലും സിവിൽ ഡിഫൻസും എമർജൻസി ടീമുകളും നടത്തിയ സമയോചിതമായ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോടും മറ്റ് ജീവനക്കാരോടും അദ്ദേഹം നന്ദി അറിയിച്ചു.
താമസക്കാരുടെ സുരക്ഷയും വ്യവസായ മേഖലയുടെ സുരക്ഷിതത്വവുമാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്ന് ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി പറഞ്ഞു. വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനമാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. ഇത്തരം വ്യവസായ അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യു എ ഇയുടെ തയ്യാറെടുപ്പുകളെയും ആധുനിക സംവിധാനങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ നിർദേശിച്ചു.
---- facebook comment plugin here -----


