Ongoing News
ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര: അശ്വിന്‍ ടീമില്‍; രോഹിത്, കോലി വിശ്രമിക്കും
ഹാര്‍ദിക്, കുല്‍ദീപ് എന്നിവര്‍ക്കും വിശ്രമം. ഇരു ടീമുകളുടെയും ലോകകപ്പിനുള്ള അവസാന മുന്നൊരുക്കമാണ് പരമ്പര.

ന്യൂഡല്‍ഹി | ആസ്ത്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയിലേക്കായി ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ടീമിലെടുത്തത് ശ്രദ്ധേയമായി. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും പുറമെ ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചു. ഈ മത്സരങ്ങളില്‍ കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും.
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കൈയ്ക്ക് പരുക്കേറ്റ അക്ഷര്‍ പട്ടേല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കില്ല. മൂന്നാം മത്സരത്തില്‍ താരം തിരിച്ചെത്തും.
വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ടീമിനെ പ്രഖ്യാപിച്ചത്. പരുക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പില്‍ ഒരു മത്സരം മാത്രം കളിച്ച ശ്രേയസ്സ് അയ്യരെ നിലനിര്‍ത്തിയപ്പോള്‍, പ്ലെയര്‍ ഓഫ് ദ സീരീസായ കുല്‍ദീപ് യാദവിന് വിശ്രമം നല്‍കി. 2022 ജനുവരിയിലാണ് അശ്വിന്‍ ഇന്ത്യക്ക് വേണ്ടി അവസാനമായി ഏകദിനം കളിച്ചത്. രാജ്യത്തിനായി 113 ഏകദിനങ്ങള്‍ കളിച്ച 37കാരന്‍ 151 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അശ്വിന്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം രോഹിത് സൂചിപ്പിച്ചിരുന്നു.
ഇരു ടീമുകളുടെയും ലോകകപ്പിനുള്ള അവസാന മുന്നൊരുക്കമാണ് പരമ്പര. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയില്‍ 2-3ന് തോറ്റ ക്ഷീണവുമായാണ് ആസ്ത്രേലിയ വരുന്നത്. ഈ മാസം 22ന് മൊഹാലിയിലാണ് ആദ്യ മത്സരം. 22ന് ഇന്‍ഡോറില്‍ രണ്ടാം മത്സരവും 27ന് രാജ്‌കോട്ടില്‍ മൂന്നാം മത്സരവും നടക്കും.
ഇന്ത്യന്‍ ടീം
ആദ്യ രണ്ട് ഏകദിനം
കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്്ക്്വാദ്, ശുഭ്മന്‍ ഗില്‍, ശ്രേയസ്സ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
മൂന്നാം ഏകദിനം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ്സ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്.