Prathivaram
ഇരുണ്ട വൻകരക്കുമേൽ നൊബേൽ വെളിച്ചം...

“ഈ പുരസ്കാരലബ്ധി എന്നെ സംബന്ധിച്ച് വലിയൊരു അദ്ഭുതം തന്നെയായിരുന്നു. ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ ഞാൻ കാത്തിരുന്നു.’
ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ച അബ്ദുർറസാഖ് ഗുർനയുടെ വാക്കുകളാണിത്. സത്യത്തിൽ ഈയൊരു പുരസ്‌കാര പ്രഖ്യാപനത്തിലൂടെ ഗുർനയെ മാത്രമല്ല ലോകമെമ്പാടുമുള്ള വായനാ സമൂഹത്തെത്തന്നെ വിസ്മയിപ്പിച്ചിരിക്കുന്നു സ്വീഡിഷ് അക്കാദമി. അതോടൊപ്പം മികച്ച എഴുത്തുകാരെ തഴഞ്ഞ് നാലാംകിടക്കാരെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നുവെന്ന ആരോപണങ്ങളെ ഈ തിരഞ്ഞെടുപ്പിലൂടെ അക്കാദമി മറികടക്കുകയും ചെയ്തിരിക്കുന്നു.
ടാൻസാനിയയിലെ പ്രമുഖ എഴുത്തുകാരനാണ് അബ്ദുർറസാഖ് ഗൂർന (Abdulrasak Gurnah). ലോകമെമ്പാടും വായിക്കപ്പെടേണ്ട എഴുത്തുകാരനാണ് അദ്ദേഹം. മാതൃഭാഷ സ്വാഹിലി (Swahili) യാണെങ്കിലും ഇംഗ്ലീഷ് ഭാഷയിലാണ് അദ്ദേഹം എഴുതുന്നത്. പത്ത് നോവലുകളും നിരവധി ചെറുകഥകളുമാണ് ഈ കാലത്തിനുള്ളിൽ ഗുർനയുടെ തൂലിക വായനാലോകത്തിനു സമ്മാനിച്ചത്. അഭയാർഥി പ്രശ്നങ്ങൾ , കോളനിവത്കരണം, ആഭ്യന്തര സംഘർഷം, വംശീയ കലാപങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ മനുഷ്യജീവിതത്തിനുമേൽ സൃഷ്ടിക്കുന്ന മുറിവുകളുടെ ആഴങ്ങൾ എത്ര വലുതാണെന്ന് ഇവ നമുക്ക് കാണിച്ചുതരുന്നു. പലായനം എന്ന, ലോകത്തെ എക്കാലത്തെയും ഏറ്റവും ദാരുണമായ പ്രതിഭാസത്തെ ഈ രചനകളിൽ അദ്ദേഹം ഹൃദയദ്രവീകരണശക്തിയോടെ അവതരിപ്പിക്കുന്നു.
ടാൻസാനിയൻ ദ്വീപ് സമൂഹത്തിലെ പ്രധാന ദ്വീപാണ് സാൻസിബാർ. വർഷങ്ങളായി ബ്രിട്ടന്റെ കോളനിയായിരുന്നു പ്രകൃതി മനോഹരമായ ഈ പ്രദേശം. ഇവിടെ 1948 ലാണ് അബ്ദുർറസാഖ് ഗുർന ജനിച്ചത്. 1960 ൽ സാൻസിബാർ സ്വാതന്ത്രമായതോടെ അവിടെ വംശീയ പ്രശ്നങ്ങൾ തലപൊക്കി. ഭരണഘടനയും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രൂപംകൊണ്ടതിനൊപ്പം വംശീയ പ്രശ്നങ്ങളും ഉണർന്നെഴുന്നേറ്റു. വംശഹത്യകളിൽ തദ്ദേശീയരായ നിരവധി മുസ്്ലിം പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ മറ്റു ചെറുപ്പക്കാരെപ്പോലെ ഗുർനക്കും കുടുംബത്തെ പിരിഞ്ഞു രാജ്യത്തുനിന്നും പലായനം ചെയ്യേണ്ടിവന്നു. യു കെയിൽ അഭയം തേടിയ അദ്ദേഹം രണ്ട് ദശാബ്ദക്കാലത്തോളം സാഹിത്യരചനയിലും അധ്യാപനത്തിലും മുഴുകി അവിടെ കഴിച്ചുകൂട്ടി. (കാന്റർബറിയിലെ കെന്റ്സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഗുർന) 1984 നു ശേഷം മാത്രമേ അദ്ദേഹത്തിന് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാൻ കഴിഞ്ഞുള്ളു.
ഇരുപത്തിയൊന്നാം വയസ്സിൽ, പ്രവാസകാലത്താണ് അബ്ദുർറസാഖ് ഗുർനയുടെ സാഹിത്യജീവിതം തുടങ്ങുന്നത്. ആദ്യകാല രചനകൾ സ്വാഹിലി ഭാഷയിലായിരുന്നു. അറബി പേർഷ്യൻ കാവ്യങ്ങളും ഖുർആനിലെ സൂറത്തുകളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അതേസമയം തന്റെ സാഹിത്യ പ്രവർത്തനങ്ങൾക്ക് ഇന്ധനം നൽകിയത് ഇംഗ്ലീഷ് സാഹിത്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ നോവൽ ” Memory of Departure’ (1987) സാൻജിബറിലെ പരാജയപ്പെട്ട ഒരു കലാപത്തിന്റെ കഥ പറയുന്നു. 1988 ൽ വെളിച്ചം കണ്ട രണ്ടാമത്തെ നോവലായ ” Pilgrims Way ‘ പലായനം സൃഷ്ടിക്കുന്ന ബഹുമുഖമായ ജീവിത സമസ്യകളെയാണ് നിർധാരണം ചെയ്യുന്നത്. Dottie (1990), paradise (1994), Admiring Silence (1996), By the Sea (2001), The Last Gift (2011), Gravel Heart (2017), Afterlives (2020) എന്നിവയാണ് ഗുർനയുടെ മറ്റു പ്രധാന നോവലുകൾ. കോളനിവത്കരണത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളുടെ യഥാർഥ ചിത്രങ്ങളാണ് ഇവയിലെല്ലാം ദൃശ്യവത്കരിക്കുന്നത്. “കൊളോണിയലിസത്തിന്റെ തിക്തഫലങ്ങളെ വിട്ടുവീഴ്ചയില്ലാതെ അതേസമയം അനുതാപാർദ്രതയോടെ അനുധാവനം ചെയ്യുന്നവ’യെന്നാണ് അദ്ദേഹത്തിന്റെ രചനകളെ നൊബേൽ പ്രഖ്യാപനവേളയിൽ സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചത്.
ഗുർനയുടെ മാസ്റ്റർ പീസായി വിശേഷിപ്പിക്കുന്ന രചനയാണ് “പറുദീസ’ (Paradise). 1994 ലാണ് പ്രസിദ്ധീകരിച്ചത്. തന്റെ എഴുത്തു ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ നോവൽ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു . 1990 ൽ കിഴക്കൻ ആഫ്രിക്കയിലേക്ക് നടത്തിയ പഠനപര്യടനത്തിന്റെ പശ്ചാത്തലത്തിലാണ് “പറുദീസ’ പിറവിയെടുത്തത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ കിഴക്കൻ ആഫ്രിക്കയിൽ കോളനിവാഴ്ചയെ തുടർന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതാവസ്ഥകളുടെ നേർചിത്രങ്ങൾകൊണ്ട് പ്രകമ്പിതമാണ് ഈ നോവൽ. 1994ൽ ബുക്കർ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ട നോവലാണിത്. ആഭ്യന്തരയുദ്ധവും വംശീയ കലാപങ്ങളും സൃഷ്ടിക്കുന്ന അസംതൃപ്തികൾക്കിടയിൽ തളിരിടുന്ന കൗമാര സ്വപ്നങ്ങളേയും ജീവിതകാമനകളേയും അന്യാദൃശമായ ആഖ്യാനചാരുതയോടെ അദ്ദേഹം ഈ നോവലിൽ വരച്ചിടുന്നു.
പലായനം, അധിനിവേശം, കാലാവസ്ഥാ വ്യതിയാനം, ആഭ്യന്തരസംഘർഷം എന്നിവയുടെ തിക്തഫലങ്ങൾ അനുഭവിച്ചു തളർന്നവരും തകർന്നവരുമാണ് ഗുർനയുടെ കഥാപാത്രങ്ങൾ. സ്വന്തം രാജ്യത്ത് വൈദേശിക ശക്തികൾ സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ അസമത്വങ്ങളുടെയും അസ്ഥിരതകളുടെയും മുറിപ്പാടുകളിൽ ഹൃദയം നീറിപ്പിടയുന്നവരാണ് അവരെല്ലാം. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം സ്വപ്നമായി അവശേഷിക്കുമ്പോൾ നിരന്തരം നിൽക്കക്കള്ളിയില്ലാതെ ഓടിയൊളിക്കുകയെന്നതാണ് അവരുടെ ജീവിതദൗത്യം. കണ്ണീരും കദനവും ഇരുൾ പടർത്തിയ ശാപഗ്രസ്തമായ ജീവിതത്തിന്റെ ഇരകളാണ് അവരെല്ലാം. യൂസഫും (Paradise) ദാവൂദുമെല്ലാം (Pilgrims Way) അവരിൽ ചിലർ മാത്രം.
“ഇരുണ്ട വൻകര’യെന്നു വിശേഷിപ്പിക്കുന്ന ആഫ്രിക്കയുടെ സാഹിത്യഭൂമിക പക്ഷേ നൂറ്റാണ്ടുകളായി നിരവധി പ്രതിഭാധനരായ എഴുത്തുകാരുടെ സർഗചേതനയാൽ പ്രകാശമാനമാണ്. വോളെ സോയങ്കിയും ബെസ്സി ഹെഡ്ഡും ചിനുവ അച്ചബേയും നദീൻ ഗോർഡിമറും ബെൻ ഓക്രിയും സോയെങ്കയും വഴിവിളക്കുകളായി നിരന്നു നിൽക്കുന്ന ഈ ഭൂമികയിൽ ഇപ്പോഴിതാ അബ്ദുർറസാഖ് ഗുർനയും. ആഫ്രിക്കൻ സാഹിത്യത്തെ നെഞ്ചോടു ചേർക്കുന്നവർക്ക് ഇത് ആഹ്ലാദമുഹൂർത്തം തന്നെ.