Connect with us

Kerala

ഇനി മത്സരിക്കാനില്ല ; ഇടതില്‍ തുടരും, ആര്‍ജെഡിക്ക് അര്‍ഹമായ സീറ്റ് നല്‍കണം: എംവി ശ്രേയംസ് കുമാര്‍

പികെ കുഞ്ഞാലിക്കുട്ടിയും വിഡി സതീശനുമായെല്ലാം വളരെ അടുപ്പത്തിലാണ്. ഇനിയും അവരെ കാണും. അതില്‍ രാഷ്ട്രീയമില്ല.

Published

|

Last Updated

കോഴിക്കോട്  | നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് നല്‍കണമെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയംസ് കുമാര്‍. ആര്‍ജെഡി ഇടുതുമുന്നണിയില്‍ തുടരുമെന്നും ആര്‍ജെഡി നേതൃയോഗത്തിന് ശേഷം എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. കോവളം സീറ്റിനായി ആര്‍ജെഡി ഇടതുമുന്നണിയില്‍ അവകാശവാദം ഉന്നയിക്കുമെന്നും പാര്‍ട്ടിയില്‍ അനൈക്യം ഇല്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

ഈ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കണം. ഇക്കാര്യം സീറ്റ് വിഭജന സമയത്ത് ഉന്നയിക്കും. ചെറിയ പാര്‍ട്ടിയാണെങ്കിലും ആര്‍ജെഡിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അധികാരത്തില്‍ ഏത് വഴിയും സ്വീകരിക്കില്ല. ഇടതുമുന്നണിയില്‍ സിപിഐയും കേരളാ കോണ്‍ഗ്രസും കഴിഞ്ഞാല്‍ പല മണ്ഡലങ്ങളിലും ആര്‍ജെഡിയാണ് പ്രധാന ഘടകം. അത് കൂടി പരിഗണിച്ചാവണം സീറ്റ് ചര്‍ച്ചകള്‍ നടത്തേണ്ടത്. ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കാം എന്ന് സെക്രട്ടറി ആയിരിക്കേ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ആ ഉറപ്പ് ഇന്നത്തെ പാര്‍ട്ടി പാലിക്കണം. കോഴിക്കോടും തിരുവിതാംകൂറിലും കൂടുതല്‍ സീറ്റിന് അര്‍ഹത ഉണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. നിര്‍ബന്ധത്തിന് വഴങ്ങിയാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇടതുമുന്നണിയുടെ ഭാഗത്തുനിന്ന് വടകരയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ സൗഹൃദസന്ദര്‍ശനം മാത്രമാണ്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. പികെ കുഞ്ഞാലിക്കുട്ടിയും വിഡി സതീശനുമായെല്ലാം വളരെ അടുപ്പത്തിലാണ്. ഇനിയും അവരെ കാണും. അതില്‍ രാഷ്ട്രീയമില്ല. പാര്‍ട്ടി ഒരിക്കലും യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ ചിലപ്പോള്‍ പല അഭിപ്രായമുണ്ടായേക്കാം. പക്ഷെ കൂട്ടായ തീരുമാനമാണ് ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയെന്നതെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.

Latest