Kerala
നിമിഷപ്രിയ: യമനിൽ ചര്‍ച്ച തുടരുന്നു; പ്രതികരണത്തിൽ ശുഭപ്രതീക്ഷ
ആക്ഷന്‍ കൗണ്‍സിലിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് | നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ കൊല്ലപ്പെട്ട തലാല്‍ അബൂമഹ്ദിയുടെ കുടുംബവുമായി ചര്‍ച്ച നടത്തുന്ന യമനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം ശുഭപ്രതീക്ഷയില്‍. കുടുംബം ചര്‍ച്ചകളോട് അനുകൂലമായി പ്രതികരിക്കുന്നതായാണ് വിവരം. ചര്‍ച്ച ശുഭകരമാണെന്നാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ലഭിച്ച വിവരം. കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അനുനയിപ്പിച്ച് മാപ്പിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രതിനിധി സംഘത്തിന്റെ ഭാഗത്തുനിന്ന് സജീവമായി നടക്കുന്നത്.
തലാല്‍ അബൂ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ഫത്വാഹ് മഹ്ദി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികൂലമായി പ്രതികരിക്കുന്നുണ്ടെങ്കിലും ചര്‍ച്ചയുമായി പ്രതിനിധി സംഘം മുന്നോട്ടുപോകുകയാണ്. അബ്ദുല്‍ ഫത്വാഹ് മഹ്ദിയുടെ മകന്‍ ഖലീല്‍ അബ്ദുല്‍ ഫത്വാഹ് ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടപ്പോള്‍ ദിയാധനം പോലും വാങ്ങാതെ അവസാന ഘട്ടത്തില്‍ അദ്ദേഹം മാപ്പ് നല്‍കിയിരുന്നു. ‘മാപ്പ് നല്‍കുന്നവന് അല്ലാഹു വലിയ പ്രതിഫലം നല്‍കുമെന്നാ’ണ് അന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്.
അവസാനവട്ടം മനംമാറ്റമുണ്ടായി മാതൃക കാട്ടിയ അബ്ദുല്‍ ഫത്വാഹ് മഹ്ദി, നിമിഷപ്രിയയുടെ കാര്യത്തിലും ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അദ്ദേഹത്തെ പോലും തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതാണ് ചര്‍ച്ചയുടെ മുന്നോട്ടുപോക്കിന് തടസ്സമാകുന്നത്. ചര്‍ച്ചയില്‍ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കുന്നത് അംഗീകരിച്ചശേഷം മാത്രമേ ദിയാധനമാണോ നിരുപാധികം മാപ്പാണോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുകയുള്ളൂ. കേരളത്തില്‍ നിന്നുള്‍പ്പെടെ നടക്കുന്ന ബാഹ്യ ഇടപെടലുകള്‍ അനുനയത്തിലെത്തുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിട്ടുണ്ട്. അബ്ദുല്‍ഫത്വാഹ് മഹ്ദിയുടെ സാമൂഹിക മാധ്യമ പോസ്റ്റുകളുടെ താഴെ നിമിഷപ്രിയയുടെ മോചനത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് വലിയ തോതിലാണ് യമനില്‍ പ്രചരിപ്പിക്കപ്പെടുന്നത്.
ഇന്നലെ വൈകിട്ടോടെ അബ്ദുല്‍ഫത്വാഹ് മഹ്ദി ഫേസ്ബുക്കിലിട്ട രണ്ട് പോസ്റ്റിന് താഴെയും നിമിഷപ്രിയയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി കമന്റുകളുണ്ട്. അറബിയിലും മലയാളത്തിലുമാണ് അദ്ദേഹം ഇന്നലെ പോസ്റ്റിട്ടത്. ഒരു ചാനലിന്റെ കാര്‍ഡും പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളം മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വരുന്ന വാര്‍ത്തകളെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.
നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്, സ്ഥിതി വിവര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.
ഈ മാസം 16ന് നടപ്പാക്കാനുദ്ദേശിച്ചിരുന്ന വധശിക്ഷ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യമന്‍ കോടതി നീട്ടിവെച്ചിരുന്നു. കാന്തപുരത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് യമനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു ഇത്. ഉത്തര യമനിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികമായി ആളിക്കത്തിയ കേസായതുകൊണ്ട് ഇത്രയും കാലം കുടുംബവുമായി സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല.