Connect with us

National

നിമിഷ പ്രിയ കേസ് ഇന്ന് സുപ്രീം കോടതിയിൽ; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി, ആക്ഷന്‍ കൗണ്‍സില്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് രണ്ട് പേര്‍ വീതമുള്ള ആറംഗ സംഘത്തെ നിയോഗിക്കണമെന്നാണ് കൗണ്‍സില്‍ ആവശ്യം

Published

|

Last Updated

കൊച്ചി | നിമിഷപ്രിയയുടെ മോചനശ്രമത്തിന് ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. ഇക്കാര്യം ഇന്ന് ഹരജി പരിഗണിക്കവെ സുപ്രീം കോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ അറിയിക്കും. രണ്ട് പേര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറുടെ പ്രതിനിധികളും രണ്ട് പേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും, രണ്ട് പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയിലുള്ള സംഘത്തെ നിയോഗിക്കാനാണ് ആവശ്യം.

ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകനും കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍, കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും കാന്തപുരത്തിന്റെ പ്രതിനിധികളായി അന്താരാഷ്ട്ര തലത്തില്‍ ഇടപെടുന്ന മുസ്ലിം പണ്ഡിതന്‍ അഡ്വ. ഹുസൈന്‍ സഖാഫി, യെമന്‍ ബന്ധമുള്ള വ്യക്തിയായ ഹാമിദ് എന്നിവരെയും നയതന്ത്ര സംഘത്തില്‍ ഉള്‍പെടുത്തണമെന്നാണ് ആവശ്യപ്പെടുക. നിമിഷപ്രിയ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക.

രാവിലെ 10.30ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കേസ് കോടതി മുമ്പാകെ ഉന്നയിക്കുമെന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. വധശിക്ഷ മാറ്റിവെച്ച വിവരം ആക്ഷന്‍ കൗണ്‍സിലും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ അറിയിക്കും.

 

Latest