Kerala
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പി വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
സാധാരണക്കാരുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

മലപ്പുറം| നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സാധാരണക്കാരുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ഒരു കര്‍ഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അന്‍വറിനൊപ്പം ഉണ്ടായിരുന്നത്. പ്രകടനമായി നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരാണധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധു മുമ്പാകെയാണ് സ്വരാജ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍, സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീര്‍ എം.പി, പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക നല്‍കിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.
ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ഇന്ന് നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.