Connect with us

independence day

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയായി മഅദിന്‍ ഗ്രാൻഡ് മസ്ജിദിലെ നികാഹ് വേദി

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നവവരന്മാരെ ത്രിവർണ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

Published

|

Last Updated

മലപ്പുറം |  സ്വാതന്ത്ര്യദിനാഘോഷങ്ങളോടെ ഒരു നിക്കാഹ് വേദി. മലപ്പുറം മഅ്ദിന്‍ ഗ്രാൻഡ് മസ്ജിദില്‍ ഇന്ന് നടന്ന നിക്കാഹ് വേദിയാണ് ഈ അപൂര്‍വതക്ക് സാക്ഷ്യംവഹിച്ചത്. ചടങ്ങിന് ആയിരം പേരാണ് സാക്ഷികളായത്.

കുന്നുമ്മല്‍ മാടത്തൊടി പ്രൊഫ. അബ്ദുല്‍ ബാരിയുടെ മക്കളായ ഉനൈസ് അദനി, അനസ്, മഅ്ദിന്‍ ദഅ്‌വാ കോളേജ് പ്രിന്‍സിപ്പലായ ഇബ്റാഹീം ബാഖവി മേല്‍മുറിയുടെ മകള്‍ ആഇശ ശമീമ, മേലാറ്റൂര്‍ പുളിയക്കുത്ത് മുഹമ്മദ് മുസ്തഫയുടെ മകള്‍ റാനിയ ബാഹിറ എന്നിവരുടെ നികാഹ് സുദിനമായിരുന്നു ഇന്ന്. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നവവരന്മാരെ ത്രിവർണ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.  എസ് പി സി കേഡറ്റുകള്‍ സല്യൂട്ട് കൈമാറി. നിക്കാഹിന് കാര്‍മികത്വം വഹിച്ച ഖലീല്‍ തങ്ങള്‍ക്കും വരന്മാര്‍ക്കും ബന്ധുക്കള്‍ക്കും സ്‌കേറ്റിംഗ് ചെയ്തെത്തി  മഅദിന്‍ പബ്ലിക്ക് സ്‌കൂളിലെ സ്‌കേറ്റിംഗ് വിദ്യാര്‍ഥികള്‍ പതാകകള്‍ കൈമാറിയത് കൗതുകമായി.

തുടര്‍ന്ന് നടന്ന നിക്കാഹ് വേദിയിലും സ്വാതന്ത്ര്യ സമര സ്മരണകൾ സ്ഫുരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം പുതിയ തലമുറക്ക് കൈമാറേണ്ട ഉത്തരവാദിത്വം മുതിര്‍ന്നവര്‍ക്കുണ്ടെന്നും ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഇത്തരം ഒരു കര്‍മത്തിന് നേതൃത്വം നല്‍കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

Latest