Connect with us

Kerala

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപക റെയ്ഡ്; നൂറോളം നേതാക്കള്‍ കസ്റ്റഡിയില്‍

പുലര്‍ച്ചെ നാലോടെയാണ് എന്‍ ഐ എ റെയ്ഡ് തുടങ്ങിയത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസുകളിലും റെയ്ഡ് നടന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും രാജ്യവ്യാപക റെയ്ഡ്. കേരളം, യു പി ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് എന്‍ ഐ എ റെയ്ഡ് നടത്തിയത്. നൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ് എന്നിവ നടത്തിയെന്ന് ആരോപിച്ചാണ് റെയ്ഡ്. നിരോധിത സംഘടനകളിലേക്ക് ആളെ ചേര്‍ത്ത വിഷയവും റെയ്ഡിന് കാരണമായി. കേരളത്തില്‍ 39 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പലയിടത്തും റെയ്ഡ് തുടരുകയാണ്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം.

കേരളത്തില്‍ എന്‍ ഐ എ-ഇ ഡി സംയുക്ത റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡ്. എന്‍ ഐ എ-ഇ ഡി സംയുക്ത റെയ്ഡാണ് നടന്നത്. പുലര്‍ച്ചെ നാലോടെയാണ് എന്‍ ഐ എ റെയ്ഡ് തുടങ്ങിയത്. റെയ്ഡില്‍ 25 പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരില്‍ 12 പേരെ ഡല്‍ഹിയിലേക്കും 13 പേരെ കൊച്ചിയിലേക്കും ചോദ്യം ചെയ്യലിനായി കൊണ്ടുപോകും. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസുകളിലും റെയ്ഡ് നടന്നു. ദേശീയ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘടനയുടെ മുന്‍ ചെയര്‍മാര്‍ ഇ അബൂബക്കര്‍ അറസ്റ്റിലായതായി സൂചനയുണ്ട്.

ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന കമ്മിറ്റിയംഗം യഹിയ തങ്ങള്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്വാദിഖ് അഹമ്മദ്, കരമന അശ്‌റഫ് മൗലവി എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടന്നു. എസ് ഡി പി ഐ നേതാക്കളുടെ വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപും പിടിച്ചെടുത്തു. തിരുവനന്തപുരം മണക്കാട് പി എഫ് ഐ ഓഫീസില്‍ നിന്ന് മൂന്ന് മൊബൈലുകള്‍ പിടിച്ചെടുത്തു. പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവ പരിശോധനക്കായി കൊണ്ടുപോയി. വയനാട് മാനന്തവാടിയിലെ പി എഫ് ഐ കേന്ദ്രത്തിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലം അഞ്ചലില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. കോട്ടയം മുണ്ടക്കയത്ത് നടത്തിയ റെയ്ഡില്‍ എസ് ഡി പി ഐ ജില്ലാ നേതാക്കളടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

റെയ്ഡ് നടക്കുന്ന പ്രദേശങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി റെയഡ് ഭരണകൂട ഭീകരതയാണെന്ന് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.