Connect with us

Articles

ബഹിഷ്‌കരിക്കേണ്ട വാര്‍ത്തകള്‍; വാര്‍ത്താവതാരകര്‍

പ്രതിപക്ഷം ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള പൊതുസ്വഭാവം കേന്ദ്ര സര്‍ക്കാര്‍ - കോര്‍പറേറ്റ് അജന്‍ഡകള്‍ മാത്രം അടിസ്ഥാനമാക്കി വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു എന്നതാണ്. മാധ്യമ നീതി മുഖവിലക്കെടുക്കാതെ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഈ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്തുകൂട്ടിയ അപകടകരമായ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ തീരുമാനം നേരത്തേ ആകാമായിരുന്നു എന്ന് മാത്രമാണ് ദേശീയ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാളും പറയുക.

Published

|

Last Updated

രാജ്യത്തെ സുപ്രധാന ടെലിവിഷന്‍ ചാനലുകളിലെ പതിനാല് മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ മുന്നണിയായ “ഇന്ത്യ’ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ അകാരണമായി കടന്നാക്രമിക്കുകയും വാര്‍ത്തകള്‍ വളച്ചൊടിച്ച് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെയാണ് പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ സഖ്യം ഔദ്യോഗികമായി ആഹ്വാനം ചെയ്തത്. ഈ ടെലിവിഷന്‍ അവതാരകരുടെ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ പക്ഷപാതപരമായി അവതരിപ്പിക്കുന്നതായും ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയാണ് ദേശീയ മാധ്യമ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ നടപടി പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്.
പുറമേ വിചിത്രം എന്ന് തോന്നാമെങ്കിലും ആനുകാലിക ദേശീയ രാഷ്ട്രീയത്തില്‍ മാധ്യമങ്ങളെ സമീപിക്കേണ്ട രീതിശാസ്ത്രവുമായി ബന്ധപ്പെട്ട മികച്ച നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കൈക്കൊണ്ടത്. അടുത്തിടെ പ്രസിദ്ധീകരിച്ച സി എസ് ഡി എസ് ഗവേഷണ പഠന പ്രകാരം രാജ്യത്തെ 82 ശതമാനം മാധ്യമ പ്രവര്‍ത്തകരും ബി ജെ പിയെയും കേന്ദ്ര സര്‍ക്കാറിനെയും പിന്തുണക്കുന്ന ഒരു സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിലും അവതരിപ്പിക്കുന്നതിലും കേന്ദ്ര സര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അന്ധമായി പിന്തുണക്കുകയും വ്യാജ വാര്‍ത്തകളും അര്‍ധ സത്യങ്ങളും വെച്ച് പ്രതിപക്ഷ പാര്‍ട്ടികളെയും രാഷ്ട്രീയ നേതാക്കളെയും പതിവായി ആക്രമിക്കുകയും ചെയ്യുന്ന ഇംഗ്ലീഷ്, ഹിന്ദി ചാനലുകളെയും അവയിലെ സുപ്രധാന അവതാരകരായ മാധ്യമ പ്രവര്‍ത്തകരെയുമാണ് പ്രതിപക്ഷം ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്.

അര്‍നബ് ഗോസ്വാമി (റിപബ്ലിക് ടിവി), അതിഥി ത്യാഗി (ഭാരത് എക്സ്പ്രസ്സ്), അമന്‍ ചോപ്ര (നെറ്റ് വര്‍ക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സ‍ി എൻ എൻ-ന്യൂസ് 18), അശോക് ശ്രീവാസ്തവ് (ഡി ഡി ന്യൂസ്), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍ (ഇന്ത്യ ടി വി), റൂബിക ലിയാഖത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ (ടൈംസ് നൗവ് ഭാരത്) എന്നിവരെയാണ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ലിസ്റ്റിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള പൊതുസ്വഭാവം കേന്ദ്ര സര്‍ക്കാര്‍ – കോര്‍പറേറ്റ് അജന്‍ഡകള്‍ മാത്രം അടിസ്ഥാനമാക്കി വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു എന്നതാണ്. റിപോര്‍ട്ടിംഗിലും വാര്‍ത്താ അവതരണത്തിലും വസ്തുതകള്‍ പരിഗണിക്കുകയോ മാധ്യമ നീതി മുഖവിലക്കെടുക്കുകയോ ചെയ്യാതെ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഈ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്തുകൂട്ടിയ അപകടകരമായ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ തീരുമാനം നേരത്തേ ആകാമായിരുന്നു എന്ന് മാത്രമാണ് ദേശീയ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാളും പറയുക. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ കവറേജ് മാത്രം പരിശോധിച്ചാല്‍ ഈ മാധ്യമങ്ങളുടെ പൊതുസ്വഭാവം തിരിച്ചറിയാന്‍ സാധിക്കും. ജനകീയമായി വിജയിച്ച പ്രസ്തുത യാത്രയെ കഴിയും വിധം കുളമാക്കുക എന്നതായിരുന്നു അവസാനം വരെ ഈ ജേര്‍ണലിസ്റ്റുകളുടെ താത്പര്യം. തങ്ങള്‍ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന ഉടമകളുടെ കോര്‍പറേറ്റ്, രാഷ്ട്രീയ താത്പര്യങ്ങള്‍ കൃത്യമായി സംരക്ഷിക്കുക എന്നതായിരുന്നു ഇവര്‍ ന്യൂസ് റൂമുകള്‍ക്കുള്ളില്‍ ചെയ്തു വന്ന പ്രധാന ജോലി. സത്യസന്ധമായ റിപോര്‍ട്ടിംഗ്, കരുത്തുറ്റ വാര്‍ത്തകളുടെ ഉറവിടം, പ്രതിപക്ഷ ബഹുമാനം, നൈതികത, ന്യൂസ് വാല്യു ഉള്‍പ്പെടെയുള്ള ഗുണങ്ങള്‍ രാജ്യത്തെ മാധ്യമ രംഗത്ത് നിന്ന് തന്നെ തുടച്ചു നീക്കുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് ചെറുതല്ല. അത്രമേല്‍ അപകടകരമായ രീതിയിലേക്ക് നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ വഴിമാറുകയും ഭരണകൂടത്തിന് വേണ്ടി മുട്ടിലിഴയുകയും ചെയ്തു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളെ പിന്തുണക്കാത്ത മാധ്യമങ്ങള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കും നിലനില്‍പ്പ് തന്നെ ഭീഷണിയിലാകുന്ന സ്ഥിതിവിശേഷം ഉണ്ടായതും ഈ രീതിശാസ്ത്രത്തിന്റെ ഫലമായാണ്.

സമീപ കാലങ്ങളിലായി രാജ്യം നേരിട്ട നിരവധി സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികളില്‍ പ്രതിപക്ഷം ലിസ്റ്റ് ചെയ്ത മാധ്യമങ്ങള്‍ തങ്ങള്‍ ചെയ്യേണ്ടിയിരുന്ന കര്‍ത്തവ്യം മനപ്പൂര്‍വം മറന്നതായി കാണാം. നോട്ട് നിരോധനം, പൗരത്വ സമരം, കര്‍ഷക സമരം, കൊറോണ ഉള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങളില്‍ പൊതുജനങ്ങളെ കൈവിടുകയും മോദി സര്‍ക്കാറിനെ സംരക്ഷിക്കുകയും ചെയ്തു എന്നത് ഒരു വസ്തുതയാണ്. ജനങ്ങള്‍ക്ക് കൃത്യമായി വിവരങ്ങള്‍ എത്തിക്കുന്നിടത്ത്, വസ്തുതകള്‍ വിശകലനം ചെയ്യുമ്പോള്‍, വിവാദങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒക്കെയും ജനകീയ പ്രശ്‌നങ്ങളെ കൃത്യമായി അവഗണിക്കുകയും പ്രതിസ്ഥാനത്ത് വരുന്ന ഭരണകൂടത്തെയും കോര്‍പറേറ്റ് ഭീമന്‍മാരെയും രക്ഷിക്കുകയും ചെയ്യുന്ന വ്യവസായമായി മീഡിയയെ മാറ്റിയെടുക്കാനും ഈ മാധ്യമങ്ങള്‍ക്ക് സാധിച്ചു. ഒപ്പം, പരസ്യ വരുമാനവും അനുബന്ധ കാര്യങ്ങളും വലിയ പ്രാധാന്യത്തോടെ കാണുകയും വാര്‍ത്തയും മൂല്യാധിഷ്ഠിത ചര്‍ച്ചകളും നിസ്സാരമായി നോക്കിക്കാണുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവന്നു. ഈ തലമുറയെ നയിക്കുന്ന പ്രധാന വ്യക്തികളെയാണ് ഇപ്പോള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ബഹിഷ്‌കരണം ക്രിയാത്മകമായ ഒരു നീക്കം അല്ലെങ്കില്‍ പോലും ഈ തീരുമാനത്തിന് തുടര്‍ച്ചയുണ്ടായാല്‍ ഒരുപക്ഷേ, ദേശീയ മാധ്യമ രംഗത്തെ നിലവിലുള്ള രീതിശാസ്ത്രങ്ങളെ ചെറുതായെങ്കിലും മാറ്റാന്‍ സാധിക്കും. അല്‍പ്പമെങ്കിലും മാധ്യമ നൈതിക ബോധമുള്ള ചിലര്‍ക്കെങ്കിലും ഊര്‍ജം നല്‍കാന്‍ ഇത്തരം സമീപനങ്ങള്‍ക്ക് സാധിക്കും. ദേശീയ മാധ്യമ രംഗത്തെ ചെറിയ ഒരു രാഷ്ട്രീയ നീക്കത്തിന് പോലും ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്. 2019 ഫെബ്രുവരിയില്‍ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലെ റോയിട്ടേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ജേര്‍ണലിസത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ സിദ്ധാര്‍ഥ് വരദരാജന്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്: “പല എഡിറ്റര്‍മാരും ടെലിവിഷന്‍ അവതാരകരും വാര്‍ത്തയാകാനും വാര്‍ത്തകള്‍ നയിക്കാനുമുള്ള വ്യഗ്രതയില്‍, അത് റിപോര്‍ട്ട് ചെയ്യാനുള്ള യഥാര്‍ഥ ഭാവങ്ങള്‍ ഉപേക്ഷിച്ചു എന്നതാണ് വസ്തുത. ചില ചാനലുകള്‍ അവരുടെ സ്റ്റുഡിയോകളില്‍ തയ്യാറാക്കിയ വാര്‍റൂമുകളിലിരുന്ന് സര്‍ക്കാറിന്റെ രാഷ്ട്രീയ എതിരാളികള്‍ സ്വീകരിച്ച നിലപാടുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു. വസ്തുതകള്‍ ഒന്നും തന്നെ പരിഗണിക്കാതെ ആണിത് ചെയ്യുന്നത്. ഈ തെറ്റായ പ്രവണതയുടെ യഥാര്‍ഥ ഇരകള്‍ നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളാണ്. അതുകൊണ്ട് തന്നെ ഈ പ്രവണതയെ ചോദ്യം ചെയ്യുന്ന ഏതൊരു നീക്കത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.’

Latest