National
ഹോംതിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരന്‍ മരിച്ച സംഭവം: സമ്മാനം നല്‍കിയ വധുവിന്റെ സുഹൃത്ത് അറസ്റ്റില്‍
പ്രതി ഹോം തിയേറ്ററിനുള്ളില്‍ സ്‌ഫോടകവസ്തു ഘടിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

റായ്പൂര്‍| ഛത്തിസ്ഗഢിലെ കബീര്‍ധാം ജില്ലയില്‍ വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വധുവിന്റെ ആണ്‍സുഹൃത്ത് സര്‍ജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഹോം തിയേറ്ററിനുള്ളില്‍ സ്‌ഫോടകവസ്തു ഘടിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ മ്യൂസിക് സിസ്റ്റം വരന്‍ ഹേമേന്ദ്ര മെരാവി പ്രവര്‍ത്തിപ്പിച്ച ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹേമേന്ദ്ര മെരാവി സംഭവ സ്ഥലത്തും സഹോദരന്‍ രാജ്കുമാര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഒന്നര വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാലു പേര്‍ ചികിത്സയിലാണ്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഹോം തിയേറ്റര്‍ വെച്ചിരുന്ന മുറിയുടെ ചുമരും മേല്‍ക്കൂരയും തകര്‍ന്നു.
ഹോം തിയേറ്റര്‍ സംവിധാനത്തിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ വധുവിന്റെ മുന്‍ കാമുകനാണ് ഈ സമ്മാനം നല്‍കിയതെന്ന് കണ്ടെത്തുകയായിരുന്നു. കാമുകി മറ്റൊരാളെ വിവാഹം കഴിക്കുന്നതില്‍ ദേഷ്യമുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്തതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി കബീര്‍ധാം അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂര്‍ പറഞ്ഞു.