Connect with us

Business

യു എ ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ മുഖം; ജൂലൈ മുതല്‍ അല്‍ ഹിന്ദ് ചുമതലയേല്‍ക്കും

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ച ആഗോള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ പുതിയ സേവനദാതാക്കളായി തിരഞ്ഞെടുത്തത്.

Published

|

Last Updated

അബൂദബി | യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് (എംബസി) കീഴിലുള്ള പാസ്പോര്‍ട്ട്, വിസ, ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തല്‍ എന്നീ സേവനങ്ങളുടെ കരാര്‍ വ്യവസ്ഥയില്‍ നിര്‍ണായക മാറ്റം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ സേവനങ്ങള്‍ നല്‍കിവന്നിരുന്ന ബി എല്‍ എസ് ഇന്റര്‍നാഷണലിന് പകരം 2026 ജൂലൈ മുതല്‍ പ്രമുഖ മലയാളി സംരംഭമായ ‘അല്‍ ഹിന്ദ്’ ഈ ചുമതലകള്‍ ഏറ്റെടുക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ച ആഗോള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ പുതിയ സേവനദാതാക്കളായി തിരഞ്ഞെടുത്തത്.

കരാറിനായി തുടക്കത്തില്‍ 26 കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതികവും സാമ്പത്തികവുമായ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ കര്‍ശന പരിശോധനകള്‍ക്കൊടുവില്‍ നാല് കമ്പനികളെയാണ് അവസാന ഘട്ടത്തിലേക്ക് പരിഗണിച്ചത്. അല്‍ ഹിന്ദ്, ഡു ഡിജിറ്റല്‍, എസ് ജി-ഐ വി എസ്, വി എഫ് എസ് എന്നിവയായിരുന്നു അവസാന പട്ടികയില്‍ ഇടംപിടിച്ച കമ്പനികള്‍. ഇതില്‍ നിന്ന് ഏറ്റവും കുറഞ്ഞ സേവന നിരക്കും (എല്‍ 1) മെച്ചപ്പെട്ട സൗകര്യങ്ങളും വാഗ്ദാനം ചെയ്ത അല്‍ ഹിന്ദിന് കരാര്‍ നല്‍കാന്‍ എംബസി തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 20-ന് അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍, എംബസി അധികൃതരുടെയും കമ്പനി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

പ്രവാസികള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുഗമമായും ലഭ്യമാക്കുന്നതിനായി യു എ ഇയിലുടനീളം 16 അത്യാധുനിക സേവന കേന്ദ്രങ്ങളാണ് അല്‍ ഹിന്ദ് തുറക്കുന്നത്. അബൂദബിയില്‍ അല്‍ ഖാലിദിയ/അല്‍ ദാന, അല്‍ റീം, മുസഫ്ഫ എന്നിവിടങ്ങളിലും ദുബൈയില്‍ ബര്‍ ദുബൈ, ഫുര്‍ജാന്‍/ജെബല്‍ അലി മേഖലകളിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഷാര്‍ജയില്‍ അല്‍ മജാസ്, റോള എന്നിവിടങ്ങളിലും അജ്മാനില്‍ അല്‍ ജര്‍ഫ്, കൂടാതെ അല്‍ ഐന്‍, ഗയാത്തി, മദീനത്ത് സായിദ്, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ഖോര്‍ഫക്കാന്‍, കല്‍ബ, റാസല്‍ഖൈമ എന്നിവിടങ്ങളിലുമാണ് പുതിയ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്.

പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയ പാസ്പോര്‍ട്ടിനായുള്ള അപേക്ഷകള്‍, വിസ നടപടികള്‍, പോലീസ് സാക്ഷ്യപത്രം (പി സി സി), വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്കുള്ള (ഒ സി ഐ) കാര്‍ഡുകള്‍ എന്നിവക്ക് പുറമെ ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന നടപടികളും ഈ കേന്ദ്രങ്ങള്‍ വഴി പൂര്‍ത്തിയാക്കാം. നിലവിലെ സേവനദാതാക്കളുമായുള്ള കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ ജൂലൈ മുതല്‍ പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. അതുവരെയുള്ള അപേക്ഷകളും കൂടിക്കാഴ്ചാ സമയവും നിലവിലെ രീതിയില്‍ തന്നെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ കേന്ദ്രങ്ങള്‍ വരുന്നതോടെ അപേക്ഷകര്‍ക്ക് വേഗത്തില്‍ സമയം ലഭിക്കാനും നടപടിക്രമങ്ങള്‍ ലളിതമാകാനും പുതിയ മാറ്റം ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

Latest