Connect with us

National

രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ കേസ്; ഹരജി പരിഗണിക്കുന്നതില്‍ നിന്നും അലഹബാദ് ഹൈക്കോടതി ജഡ്ജി പിന്‍മാറി

ഹരജിക്കാരനായ വിഘ്നേഷ് ശിശിര്‍ സോഷ്യല്‍ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയും കോടതിയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ ജസ്റ്റിസ് ശക്തമായ അതൃപ്തി രേഖപ്പെടുത്തി

Published

|

Last Updated

ലഖ്നൗ |  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി പിന്മാറി. ബിജെപി പ്രവര്‍ത്തകനായ എസ് വിഘ്നേഷ് ശിശിര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് പിന്‍മാറ്റം

ഹരജിക്കാരനായ വിഘ്നേഷ് ശിശിര്‍ സോഷ്യല്‍ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയും കോടതിയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ ജസ്റ്റിസ് ശക്തമായ അതൃപ്തി രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ ബെഞ്ച് ആലോചിക്കുന്നതിനിടെയാണ് ഹരജിക്കാരന്‍ കോടതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെച്ചത്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും ഈ കേസ് പരിഗണിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും ജസ്റ്റിസ് വിദ്യാര്‍ത്ഥി വാക്കാല്‍ പരാമര്‍ശിച്ചു. കേസ് ഇതേ ബെഞ്ച് തന്നെ കേള്‍ക്കണോ എന്ന കാര്യത്തില്‍ ഹരജിക്കാരന്‍ സോഷ്യല്‍ മീഡിയയിലൂടെ പൊതുജനാഭിപ്രായം തേടിയതും ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടതും കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഹരജിക്കാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനും ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലും കോടതിയില്‍ സമ്മതിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കുന്ന കാര്യത്തില്‍ ശരിയായ നിയമവശങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകരോടും ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിനോടും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

തന്റെ പോസ്റ്റുകള്‍ കോടതിയെ ഉദ്ദേശിച്ചുള്ളതല്ലെന്നും കേസില്‍ നിന്ന് പിന്മാറാന്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തുന്നവര്‍ക്ക് മറുപടി നല്‍കിയതാണെന്നും ശിശിര്‍ വാദിച്ചു. എന്നാല്‍ കോടതിക്ക് ആരുടെയും പ്രശംസ ആവശ്യമില്ലെന്നും ഹര്‍ജിക്കാരന് തന്റെ വാദങ്ങള്‍ അപ്പീല്‍ കോടതിയില്‍ ഉന്നയിക്കാമെന്നും ജസ്റ്റിസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

 

Latest