Connect with us

National

രാജസ്ഥാനില്‍ റിഫൈനറിയില്‍ വന്‍ തീപ്പിടുത്തം; അപകടം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ

തീ നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം

Published

|

Last Updated

ജയ്പൂര്‍ |  രാജസ്ഥാനില്‍ റിഫൈനറിയില്‍ വന്‍ തീപ്പിടുത്തം. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ കറുത്ത പുകയുയര്‍ന്നു. നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിലാണ് തീപ്പിടുത്തമുണ്ടായത്.

തീപിടുത്തത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി മോദി നടത്താനിരുന്ന റിഫൈനറി സമര്‍പ്പണ ചടങ്ങ് മാറ്റിവെച്ചതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അപകടകാരണം കണ്ടെത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാലോത്രയിലെ പച്പദ്രയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും രാജസ്ഥാന്‍ സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് റിഫൈനറി. ഇന്ത്യയിലെ ആദ്യത്തെ ‘ഗ്രീന്‍ഫീല്‍ഡ് ഇന്റഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കല്‍ കോംപ്ലക്‌സ്’ ആണിത്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിലൂടെ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ഈ റിഫൈനറി നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2013 സെപ്റ്റംബര്‍ 22-ന് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ കാലത്ത് സോണിയ ഗാന്ധിയാണ് റിഫൈനറിയുടെ തറക്കല്ലിട്ടത്. അന്ന് 37,230 കോടി രൂപയായിരുന്നു നിര്‍മ്മാണച്ചെലവ് പ്രതീക്ഷിച്ചിരുന്നത്. പിന്നീട് ഭരണമാറ്റത്തിന് ശേഷം, 2018 ജനുവരി 16-ന് പ്രധാനമന്ത്രി മോദി പദ്ധതി പുനരാരംഭിച്ചു. ഇതോടെ ചെലവ് 43,129 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. ഇന്ധന ഉല്‍പ്പാദനത്തിന് പുറമെ, വന്‍തോതില്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും ഈ റിഫൈനറിയിലൂടെ സാധിക്കും.

 

Latest