National
മദ്യനയ അഴിമതി കേസ്: വാദം കേള്‍ക്കലില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയെ മാറ്റണമെന്ന കെജ്‌രിവാളിന്റെ ഹരജി തള്ളി
വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജഡ്ജി. അരവിന്ദ് കെജ്രിവാള്‍ നീതിന്യായ വ്യവസ്ഥയെ വിചാരണക്ക് വിധേയമാക്കിയെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ.
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയെ മാറ്റണമെന്ന മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് കെജ്‌രിവാളിന്റെ ഹരജി തള്ളിയത്. വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ തന്നെ വ്യക്തമാക്കുകയായിരുന്നു.
അരവിന്ദ് കെജ്രിവാള്‍ നീതിന്യായ വ്യവസ്ഥയെ വിചാരണക്ക് വിധേയമാക്കിയെന്ന രൂക്ഷ വിമര്‍ശനവും ഹരജി പരിഗണിക്കുന്നതിനിടെ ജഡ്ജി ആരോപിച്ചു. കെജ്രിവാള്‍ ഉയര്‍ത്തിയത് കുറ്റാരോപണമാണെന്നും കോടതി നേരിട്ടത് അഗ്നിപരീക്ഷയാണെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു. ആര്‍ക്കും കോടതിയുടെ വിശ്വാസ്യതയെ ഇല്ലാതാക്കാനാവില്ലെന്നും കോടതിയുടെ വിശ്വാസ്യത ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. തനിക്കെതിരായ ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണ്. ആകാശം ഇടിഞ്ഞുവീണാലും നീതിനിര്‍വഹണം നടപ്പാക്കും.
ബി ജെ പി അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. അതുകൊണ്ട് മാത്രം കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ഉന്നയിക്കാനാവില്ല. തന്റെ നിശ്ശബ്ദത പരിശോധനക്ക് വിധേയമായെന്നും തന്റെ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടുവെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ കുറ്റപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതല്ല സത്യമെന്നും ജഡ്ജി പറഞ്ഞു.
തന്റെ എല്ലാ വിധിന്യായങ്ങളും വസ്തുനിഷ്ഠമാണ്. സമാന സ്വഭാവത്തിലുള്ള നിരവധി ഹരജികള്‍ പരിഗണിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിനും എ എ പിക്കും അനുകൂലമായ നിരീക്ഷണവും താന്‍ നടത്തിയിട്ടുണ്ട്. രാഘവ് ഛദ്ദയ്ക്ക് അനുകൂലമായ തീരുമാനമെടുത്തതും താന്‍ ജഡ്ജിയായ കോടതിയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഹൈക്കോടതി പക്ഷപാതപരമായി പെരുമാറിയെന്ന് ആക്ഷേപമൊന്നും ഉയര്‍ന്നില്ലെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു.


