Connect with us

Kerala

തുറന്നത് സ്‌ട്രോങ് റൂമല്ല, മെറ്റീരിയല്‍ റൂം; വിവാദത്തില്‍ വിശദീകരണവുമായി കലക്ടര്‍

റിട്ടേണിങ് ഓഫീസര്‍ കൈവശം വെക്കേണ്ട രേഖകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂം തുറന്നിരുന്നു. ഇത് സീല്‍ ചെയ്ത മുറിയല്ല.

Published

|

Last Updated

കോഴിക്കോട് | പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നുവെന്ന യു ഡി എഫ് പരാതിയില്‍ വിശദീകരണവുമായി ജില്ലാ കലക്ടര്‍. വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്‌ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂമാണ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ പറഞ്ഞു. ഇ വി എമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്നും ഇന്ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും കലക്ടര്‍ വ്യക്തമാക്കി.

വോട്ടെടുപ്പിനു ശേഷം മണ്ഡലത്തിലെ ഇ വി എമ്മുകളും വിവിപാറ്റുകളും അതോടൊപ്പം വരണാധികാരി സൂക്ഷിക്കേണ്ട പ്രിസൈഡിങ് ഓഫീസര്‍ ഡയറി ഉള്‍പ്പെടെയുള്ള രേഖകളും ജെ ഡി ടിയിലേക്ക് പോലീസ് സംരക്ഷണത്തില്‍ കൊണ്ടുവന്നിരുന്നു. ഇ വി എമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്ട്രോങ് റൂമിലാണ് കേന്ദ്ര നിരീക്ഷകരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ മുറി പിന്നീട് തുറന്നിട്ടില്ല. എന്നാല്‍, റിട്ടേണിങ് ഓഫീസര്‍ കൈവശം വെക്കേണ്ട രേഖകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂം തുറന്നിരുന്നു. ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്‍ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. ഇതിന്റെ ഭാഗമായി എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിങ് ഓഫീസര്‍മാരുടെ ഡയറിയിലെ വിവരങ്ങള്‍ ഒത്തുനോക്കി അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ മുറി തുറന്നത്. മുറി തുറക്കുന്ന വേളയില്‍ എല്‍ ഡി എഫിനെ പ്രതിനിധീകരിച്ച് എ കെ മുഹ്സിന്‍, യു ഡി എഫിനെ പ്രതിനിധീകരിച്ച് കെ ശഹ്സാദ് എന്നിവര്‍ സന്നിഹിതരായിരുന്നു. രേഖകളുടെ പരിശോധന കഴിഞ്ഞ് ഈ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു ശേഷം 1.50ന് മുറി പൂട്ടുകയും ചെയ്തുവെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ഇന്ന് രാവിലെ 11 ഓടെയാണ് പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകളും മറ്റ് പോളിങ് സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന മുറികളില്‍ ഒന്ന് റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ തുറന്നത്. പ്രധാന സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ അറിയിച്ച ശേഷമായിരുന്നു ഇത്. മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയ റിട്ടേണിങ് ഓഫീസറുടെ നിര്‍ദേശം അനുസരിച്ച് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ട ഇതിന് പിന്നാലെ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. താന്‍ എത്തുമ്പോഴേക്കും സ്‌ട്രോങ് റൂം തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നുവെന്നും നടപടിക്രമങ്ങളില്‍ സംശയമുണ്ടെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

ഏത് മുറി തുറന്നാലും അത് ഗുരുതരമായ വീഴ്ചയാണെന്നാണ് യു ഡി എഫിന്റെ ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

 

 

Latest