National
ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ജാമ്യം നിഷേധിച്ചതിനെതിരായ ഉമര്‍ ഖാലിദിന്റെ പുനപ്പരിശോധനാ ഹരജി സുപ്രീ കോടതി തള്ളി
കേസില്‍ വാക്കാലുള്ള വാദം കേള്‍ക്കണമെന്ന അപേക്ഷയും കോടതി നിരസിച്ചു. വിധി പുനപ്പരിശോധിക്കാന്‍ തക്ക കാരണമില്ലെന്ന് കോടതി.
ന്യൂഡല്‍ഹി | ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജാമ്യം നിഷേധിച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ വാക്കാലുള്ള വാദം കേള്‍ക്കണമെന്ന അപേക്ഷയും കോടതി നിരസിച്ചു. വിധി പുനപ്പരിശോധിക്കാന്‍ തക്ക കാരണമില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഉമറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്.
കേസില്‍ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. ഉമറിന് പുറമേ ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഞ്ച് വര്‍ഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്നതാണ് വിഷയമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
സി എ എ-എന്‍ ആര്‍ സി വിരുദ്ധ സമരത്തിന്റെ പേരില്‍ ഡല്‍ഹി കലാപത്തിന് ഉമര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം. വിവിധ വകുപ്പുകള്‍ ചുമത്തി 2020 സെപ്തംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.


