Connect with us

From the print

ലോണ്‍ ആപ്പ്: മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് ഏഴ് പേര്‍

ലഭിച്ചത് 15,000 പരാതികള്‍. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത് 284 പേര്‍ മാത്രം.

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്ത് ലോണ്‍ ആപ്പ് ഭീഷണികളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് പേര്‍ ആത്മഹത്യ ചെയ്തതായി പോലീസ് റിപോര്‍ട്ട്്. നാഷനല്‍ സൈബര്‍ ക്രൈം റിപോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി ഈ കാലയളവില്‍ കേരളത്തില്‍ നിന്ന് നിയമവിരുദ്ധ ലോണ്‍ ആപ്പുകള്‍ക്കെതിരെ ഏകദേശം 15,000 പരാതികളാണ് ലഭിച്ചത്. എന്നാല്‍ ഇതില്‍ 284 പേര്‍ മാത്രമാണ് തുടര്‍നടപടികള്‍ക്ക് തയ്യാറായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ടുവന്നതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

പോലീസ് കണക്കുകള്‍ പ്രകാരം മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 70 കോടിയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതില്‍ 28 കോടി മാത്രമാണ് ഇതുവരെ വീണ്ടെടുക്കാനായത്. ചില കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പരാതികളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനിടെ 1,836 ലോണ്‍ ആപ്പുകള്‍ നിരോധിക്കുകയും 5,317 വെബ്‌സൈറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരും കുറഞ്ഞ വരുമാനമുള്ളവരുമാണ് പ്രധാനമായും ഇത്തരം തട്ടിപ്പുകളുടെ ഇരകളാകുന്നത്. 32 ശതമാനം സ്വകാര്യമേഖല ജീവനക്കാരും 20.18 ശതമാനം വീട്ടമ്മമാരും 9.79 ശതമാനം ബിസിനസ്സുകാരും 4.73 ശതമാനം വിദ്യാര്‍ഥികളും തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൈബര്‍ പോലീസ് വ്യക്തമാക്കുന്നു. ഇന്‍ഷ്വറന്‍സ് ഏജന്റുമാര്‍, ടെക് പ്രൊഫഷനലുകള്‍, ബേങ്ക് ജീവനക്കാര്‍ എന്നിവരും ഇരകളില്‍ ഉള്‍പ്പെടുന്നു.

ആന്‍ഡ്രോയിഡ് പാക്കേജ് കിറ്റ് (എ പി കെ) ഫയലുകള്‍ വഴി ഡൗണ്‍ലോഡ് ചെയ്യുന്ന ലോണ്‍ ആപ്പുകളാണ് കൂടുതലായും അപകടകാരികളാകുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍ അടക്കമുള്ള ഉപയോക്താവിന്റെ സ്വകാര്യതക്ക് ഗുരുതരമായ ഭീഷണി ഉയരുന്നു. ആപ്പ് പിന്നീട് നീക്കം ചെയ്താലും ഡാറ്റ ചോര്‍ച്ചമൂലം ഭീഷണി കോളുകള്‍ തുടരുമെന്നും പോലീസ് വ്യക്തമാക്കി.

വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഇരകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും, അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെ ലക്ഷ്യമിടുകയും ചെയ്യുന്നത് സാധാരണ രീതിയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇത്തരം തട്ടിപ്പുകളില്‍ പണം സ്വീകരിക്കാന്‍ ‘മ്യൂള്‍’ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് നോയ്ഡ ആസ്ഥാനമായ ഒരു കോള്‍ സെന്റര്‍ കണ്ടെത്തിയിരുന്നു. 40 പേര്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തില്‍ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സാധാരണ ലോണ്‍ ആപ്പുകളില്‍ പ്രതിമാസം 1.5 ശതമാനം മുതല്‍ 3.8 ശതമാനം വരെ (വാര്‍ഷികം 18 ശതമാനം മുതല്‍ 45 ശതമാനം വരെ) പലിശ ഈടാക്കുമ്പോള്‍, അനധികൃത ആപ്പുകള്‍ 100 ശതമാനത്തിലധികം വാര്‍ഷിക പലിശയും മറഞ്ഞിരിക്കുന്ന പ്രോസസ്സിംഗ് ചാര്‍ജുകളും ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും വായ്പയുടെ ചെറിയൊരു ഭാഗം മാത്രമാണ് അക്കൗണ്ടില്‍ ലഭിക്കുന്നത്. എന്നാല്‍ വലിയ തുക തിരിച്ചടക്കേണ്ട സാഹചര്യമാണുള്ളതെന്നും പോലീസ് അറിയിച്ചു.

മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നാണ് കൂടുതലായി പരാതികള്‍ ലഭിച്ചിരിക്കുന്നത്. പല കേസുകളിലും കുടുംബങ്ങളെ വരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്്.

കടം വാങ്ങിയതിനാല്‍ ആരെയും പീഡിപ്പിക്കാനോ ഭീഷണിപ്പെടുത്താനോ നിയമം അനുവദിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും വ്യാജ ആപ്പുകള്‍ ഒഴിവാക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. സൈബര്‍ ക്രൈം പരാതികള്‍ വേേു:െ//ര്യയലൃരൃശാല.ഴീ്.ശി/എന്ന കേന്ദ്ര പോര്‍ട്ടലിലും സംസ്ഥാന സൈബര്‍ ക്രൈം പോലീസിലൂടെയും രജിസ്റ്റര്‍ ചെയ്യാം. കൂടാതെ സംശയാസ്പദമായ തട്ടിപ്പുകള്‍ 9497980900 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാമെന്നും പോലീസ് അറിയിച്ചു.

 

Latest