Connect with us

From the print

തിരഞ്ഞെടുപ്പ് ജോലി: പ്രതിഫലം നല്‍കാന്‍ കോടികള്‍ വേണം

പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പ്രതിഫലം 4200 രൂപ. ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് 3700 രൂപ.

Published

|

Last Updated

ആലപ്പുഴ | തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെലവഴിക്കുന്നത് കോടികള്‍. വോട്ടെടുപ്പ്, വോട്ടെണ്ണല്‍, വീട്ടിലെ വോട്ടെടുപ്പ്, ഹെല്‍പ് ഡെസ്‌ക്, ഇ വി എം കമ്മീഷനിംഗ്, പോളിംഗ് സാമഗ്രി വിതരണം, മൈക്രോ ഒബ്സര്‍വര്‍, ബി എല്‍ ഒ, സ്ലിപ്പ് വിതരണം ചെയ്യല്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉന്നത ഓഫീസര്‍മാരടക്കം എല്ലാ വിഭാഗത്തിലുമുള്ള ജീവനക്കാര്‍ക്കുമായി പ്രത്യേക പ്രതിഫലം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്.

പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് പരിശീലനവും തിരഞ്ഞെടുപ്പ് ജോലിയുമടക്കം നാല് ദിവസത്തേക്ക് ലഭിക്കുന്നത് 4,200 രൂപയാണ്. രണ്ട് ദിവസത്തെ പരിശീലനത്തിന് 500 രൂപയും യാത്രാബത്തയായി 250 രൂപയും ക്ഷാമബത്തയായി 600 രൂപയും ഉള്‍പ്പെടെ 1350 രൂപ ലഭിക്കും. തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തേക്ക് 1000 രൂപ പ്രതിഫലമായി ലഭിക്കും. ഇതിനു പുറമെ ഭക്ഷണ അലവന്‍സായി ആയിരം രൂപയും ടി എ ആയി 250 രൂപയും ബത്തയായി 600 രൂപയുമുള്‍പ്പെടെ ആകെ 2850 രൂപ ലഭിക്കും. പരിശീലനവും പോളിംഗ് ഡ്യൂട്ടിയുമടക്കം 4,200 രൂപയാണ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പ്രതിഫലമായി ലഭിക്കുക.
ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് ആകെ 3700 രൂപയാണ് ലഭിക്കുക. പരിശീലനത്തിന് 400 രൂപയും ടി എ 250 രൂപയും ഡി എ 500 രൂപയുമുള്‍പ്പെടെ 1150 രൂപയും തിരഞ്ഞെടുപ്പ് ജോലിക്ക് രണ്ട് ദിവസത്തേക്ക് 800 രൂപയും ഭക്ഷണ അലവന്‍സായി 1000 രൂപയും ടി എ 250 രൂപയും ഡി എ 500 രൂപയുമുള്‍പ്പെടെ 2550 രൂപ ലഭിക്കും.

രണ്ടും മൂന്നും പോളിംഗ് ഓഫീസര്‍മാര്‍ക്ക് ഒരു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് പ്രതിഫലമായി 200 രൂപയും ടി എ 250, ഡി എ 250 എന്നിങ്ങനെയായി 700 രൂപ ലഭിക്കും. തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തേക്ക് 800 രൂപ പ്രതിഫലമായും 1000 രൂപ ഭക്ഷണ അലവന്‍സായും 250 രൂപ ടി എ ആയും 500 രൂപ ഡി എ ആയും ലഭിക്കും. ആകെ 3250 രൂപയാണ് രണ്ടും മൂന്നും പോളിംഗ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുക.

വോട്ടെണ്ണല്‍ ജോലിക്കായി നിയോഗിക്കപ്പെടുന്ന കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ക്ക് പരിശീലനത്തിനും വോട്ടെണ്ണലിനുമായി ആകെ ലഭിക്കുന്നത് 1850 രൂപയാണ്. കൗണ്ടിംഗ് അസിസ്റ്റന്റിന് ആകെ ലഭിക്കുന്നത് 1675 രൂപയും അസ്സി. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് 1050 രൂപയും പോളിംഗ് മൈക്രോ ഒബ്സര്‍വറിന് 2800 രൂപയും കൗണ്ടിംഗ് മൈക്രോ ഒബ്സര്‍വറിന് 2300 രൂപയും പോളിംഗ് സാമഗ്രി വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സ് ഫോര്‍ അല്ലാത്ത ജീവനക്കാര്‍ക്ക് ഒരു ദിവസത്തേക്ക് 1200 രൂപയും ലഭിക്കും. ക്ലാസ്സ് ഫോര്‍ ജീവനക്കാരന് ഒരു ദിവസത്തേക്ക് 1025 രൂപ ലഭിക്കും.

ഇ വി എം കമ്മീഷനിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ക്ലാസ്സ് ഫോര്‍ ജീവനക്കാരല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസത്തേക്ക് പ്രതിഫലമായി 400 രൂപ(പരമാവധി 1600 രൂപ) ലഭിക്കും. ഇതിനുപുറമെ ഭക്ഷണത്തിന് 500 രൂപയും ഡി എ 250 രൂപയും ലഭിക്കും. ക്ലാസ്സ് ഫോര്‍ ജീവനക്കാരന് ഒരു ദിവസത്തേക്ക് 350(പരമാവധി 1400) രൂപയും ഭക്ഷണത്തിന് 500 രൂപയും ഡി എ 175 രൂപയും ലഭിക്കും. റൂട്ട് ഓഫീസര്‍മാര്‍ക്ക് ഭക്ഷണ അലവന്‍സ്, ഡി എ എന്നിവയടക്കം 1150 രൂപയും മെഡിക്കല്‍ അസ്സിസ്റ്റന്റുമാര്‍ക്ക് രണ്ട് ദിവസത്തേക്ക് അലവന്‍സുകളുള്‍പ്പെടെ 2300 രൂപയും ലഭിക്കും.

സുരക്ഷാ ജോലിക്കായി നിയമിക്കപ്പെടുന്നവരുടെ പ്രതിഫലം പോലീസ് വകുപ്പ് നല്‍കണം. ഇവര്‍ക്ക് 500 രൂപ വീതം വോട്ടെടുപ്പ്-വോട്ടെണ്ണല്‍ ദിവസങ്ങളിലായി ഭക്ഷണ അലവന്‍സായി ലഭിക്കും. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനത്തില്‍ നിയോഗിക്കപ്പെടുന്ന എന്‍ സി സി കാഡറ്റുകള്‍ക്ക് ഭക്ഷണ അലവന്‍സായി 500 രൂപ വീതം ലഭിക്കും. ഇതിനുപുറമെ, വാഹന ഡ്രൈവര്‍മാര്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികള്‍ക്കും പ്രത്യേക പ്രതിഫലം നല്‍കുന്നുണ്ട്.

 

Latest