Connect with us

Editorial

സിവില്‍ സര്‍വീസില്‍ പുതിയ തുരുത്തോ?

വ്യക്തികള്‍ എന്ന നിലയില്‍ സിവില്‍ സെര്‍വെന്റ്‌സിനും മതവിശ്വാസമാകാം. പക്ഷേ ജോലിയിലേക്ക് അതൊന്നും കടത്തിക്കൊണ്ടുവരരുത്. മതപരമായ കൂട്ടായ്മകള്‍ രൂപവത്കരിക്കാനോ അത്തരം കൂട്ടായ്മകളില്‍ ചേരാനോ നിയമം അവരെ അനുവദിക്കുന്നില്ല.

Published

|

Last Updated

സര്‍ക്കാറിനെ സേവിക്കലാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ജോലി എന്ന് സാമാന്യേന പറയാവുന്നതാണ്. പക്ഷേ ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ സര്‍ക്കാറിന്റെ താത്പര്യത്തെ മറികടന്ന് തീരുമാനമെടുക്കാന്‍ കഴിയുന്ന വിധത്തില്‍ അധികാരം നല്‍കപ്പെട്ടിട്ടുണ്ട്. 2002ലെ ഗുജറാത്ത് വംശഹത്യക്ക് കാരണമായി എന്ന് സംഘ്പരിവാര്‍ അവകാശപ്പെടുന്ന ഗോധ്രയിലെ ട്രെയിന്‍ തീവെപ്പ് സംഭവത്തില്‍ സര്‍ക്കാറിന്റെയും ഹിന്ദുത്വ സംഘടനകളുടെയും താത്പര്യത്തിന് ജില്ലാ കലക്ടര്‍ വഴങ്ങാതിരുന്നത് ഓര്‍ക്കുക. ഗോധ്രയില്‍ കത്തിയ ബോഗിയും മൃതദേഹങ്ങളും ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം നരേന്ദ്ര മോദി മുഖ്യമന്ത്രിയായ സംസ്ഥാന സര്‍ക്കാറിന്റെ തന്നെ ആയിരുന്നു. പക്ഷേ ബോഗി കൊണ്ടുപോകാന്‍ പറ്റില്ലെന്ന് ശക്തമായ നിലപാടെടുത്തു ജില്ലാ കലക്ടര്‍ ജയന്തി എസ് രവി. അത് ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയില്‍ അവര്‍ക്ക് സാധ്യമാകുന്ന പ്രതിരോധമായിരുന്നു. തുടര്‍ന്നുണ്ടായ വംശഹത്യയിലും അവര്‍ നീതിബോധത്തോടെ ഇടപെട്ടു. ഏറെ വൈകാതെ ഉച്ചഭക്ഷണ പദ്ധതി കമ്മീഷണറായി അവര്‍ സ്ഥലം മാറ്റപ്പെട്ടു.

സര്‍ക്കാര്‍ നയങ്ങളുടെയും തീരുമാനങ്ങളുടെയും നടത്തിപ്പുകാരാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. മത, സമുദായ, രാഷ്ട്രീയ താത്പര്യങ്ങള്‍ അവരെ ബാധിച്ചുകൂടാ. ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട സഹായങ്ങള്‍ നല്‍കരുത്. അത് അഴിമതിയായി കണക്കാക്കപ്പെടും. അങ്ങനെയാണോ രാജ്യത്ത് സംഭവിക്കുന്നത്? അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ടോ? ഇല്ല എന്നുതന്നെ പറയേണ്ടിവരും. ആള്‍ ഇന്ത്യ സിവില്‍ സര്‍വീസിന്റെ ഭാഗമാകുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞയുടെ ഉള്ളടക്കത്തെ പ്രയോഗത്തില്‍ തള്ളിക്കളയുന്ന, കക്ഷിരാഷ്ട്രീയത്തിന്റെ വിനീത ദാസന്മാരായി മാറിയ അനേകം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുണ്ട് ഉന്നത പദവികളില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും.
അവര്‍ കക്ഷിരാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതുപോലും പ്രോത്സാഹിപ്പിക്കപ്പെടാത്തത് അവര്‍ വഹിക്കുന്ന പദവിയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തും എന്നതിനാലാണ്. ജനത്തിനും ഭരണകൂടത്തിനുമിടയിലെ പ്രബലരായ കണ്ണികള്‍ എന്ന നിലയില്‍ അവര്‍ക്ക് ആത്യന്തികമായി കൂറുണ്ടാകേണ്ടത് ഭരണഘടനയോടും നിയമത്തോടുമാണ്. രാഷ്ട്രീയ യജമാനന്മാരുടെ നിയമബാഹ്യമായ തീട്ടൂരങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന എത്രയോ ഉദ്യോഗസ്ഥരുണ്ട്. അവര്‍ ഇരിക്കുന്ന ഉദ്യോഗത്തിന് മാത്രമല്ല, ഈ വ്യവസ്ഥക്ക് തന്നെയാണ് കളങ്കല്‍മേല്‍പ്പിക്കുന്നത്. അടുത്തൂണ്‍ പറ്റിയതിനു ശേഷം കരഗതമാകുന്ന സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നിലമറന്നും നിയമം മറന്നും അധികാരകേന്ദ്രങ്ങളുടെ സദ് പുത്രന്മാരായി ജീവിക്കുന്നവരുടെ എണ്ണം ദിനേന പെരുകുന്നു. അതേസമയം, ഒരുനിലക്കും സംഭവിച്ചുകൂടാത്ത വിധം സാമുദായിക, വര്‍ഗീയ താത്പര്യങ്ങള്‍ക്ക് വശംവദരാകുന്ന സിവില്‍ സെര്‍വെന്റ്‌സും തീരെ കുറവല്ല. യു പിയിലെ ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍, ദളിത് നേതാക്കള്‍ വില കൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ പരിഹസിച്ചത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍.

അപ്പോഴും കേരളം വ്യത്യസ്തമായി നിലകൊണ്ടിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത അതില്‍ പ്രധാന ഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. രമണ്‍ശ്രീ വാസ്തവയുടെ പാലക്കാട്ടെ ആക്രോശം പോലെ ഒറ്റപ്പെട്ട വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ നിന്ന് അത്തരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടാകാറില്ല. പക്ഷേ ഒളിഞ്ഞും തെളിഞ്ഞും ആര്‍ എസ് എസുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥര്‍ താത്പര്യപ്പെടുന്നതാണ് സമീപവര്‍ഷങ്ങളിലെ അനുഭവം. ടി പി സെന്‍കുമാര്‍, ജേക്കബ് തോമസ്- കേരള പോലീസില്‍ ഉന്നത പദവി വഹിച്ച രണ്ട് പേരും ഇപ്പോള്‍ ബി ജെ പി പാളയത്തിലാണുള്ളത്. ഇപ്പോഴും സര്‍വീസിലുള്ള അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞത് അടുത്ത കാലത്താണ്.

ഇന്നലെ സമാന സ്വഭാവമുള്ള മറ്റൊരു വാര്‍ത്ത പുറത്തുവന്നു. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐ എ എസ് അഡ്മിനായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് സംഭവം. സംസ്ഥാനത്തെ ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് വാര്‍ത്തകളിലുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരെപ്പോലും ഗ്രൂപ്പില്‍ ചേര്‍ത്തു. അപകടം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാകണം ഒട്ടും വൈകാതെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും സൈബര്‍ പോലീസില്‍ പരാതി നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ പിന്നീട് വിശദീകരിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സിവില്‍ സെര്‍വെന്റ്‌സിനും മതവിശ്വാസമാകാം. പക്ഷേ ജോലിയിലേക്ക് അതൊന്നും കടത്തിക്കൊണ്ടുവരരുത്. മതപരമായ കൂട്ടായ്മകള്‍ രൂപവത്കരിക്കാനോ അത്തരം കൂട്ടായ്മകളില്‍ ചേരാനോ നിയമം അവരെ അനുവദിക്കുന്നില്ല.

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ വിശദീകരണം എത്രത്തോളം വിശ്വാസയോഗ്യമാണ്? ഹാക്ക് ചെയ്യപ്പെട്ടതിന് പിറകെയാണ് ആ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യപ്പെട്ടതെങ്കില്‍ എങ്ങനെയാണ് ഒരേ സമുദായത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മാത്രം അംഗങ്ങളായി ചേര്‍ക്കപ്പെട്ടത് എന്ന സംശയമുയരുന്നുണ്ട്. അംഗങ്ങളില്‍ ചിലര്‍ തന്നെയാണ് ഈ പേരില്‍ ഒരു ഗ്രൂപ്പിന്റെ അപകടം വ്യവസായ വകുപ്പ് ഡയറക്ടറെ ബോധ്യപ്പെടുത്തിയത് എന്നറിയുന്നു. അതിനു ശേഷമാണ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യപ്പെട്ടതത്രെ. ഇത് ശരിയാണെങ്കില്‍ അങ്ങേയറ്റം ആപത്കരമായ നീക്കമാണ് നടന്നത്. ഓരോ മതവിഭാഗത്തിലും പെട്ട ഉദ്യോഗസ്ഥര്‍ വെവ്വേറെ ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രത്യേക തുരുത്തുകളായി മാറുന്നത് എന്തെല്ലാം അസ്വസ്ഥതകളിലേക്കാണ് ഈ നാടിനെ തള്ളിവിടുക എന്നാലോചിച്ചിട്ടുണ്ടോ. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടക്കണം. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന ഉദ്യോഗസ്ഥന്റെ പരാതിയില്‍ മാത്രമായി അന്വേഷണം ഒതുക്കരുത്. നിയമവിരുദ്ധമായ പ്രവൃത്തിയാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണല്ലോ ഗ്രൂപ്പ് വൈകാതെ ഡിലീറ്റ് ചെയ്യപ്പെട്ടത്. ഈ നീക്കത്തില്‍ വര്‍ഗീയ താത്പര്യം ഉണ്ടാകണമെന്നില്ല. പക്ഷേ, സങ്കുചിതമായ മനോനില അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് സിവില്‍ സര്‍വീസിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണ്. മതനിരപേക്ഷമാകേണ്ട ഇടങ്ങളെ ഈ വിധത്തില്‍ തുരുത്തുകളാക്കാനുള്ള നീക്കം വകവെച്ചുകൊടുക്കരുത്. ഇത്തരം തുരുത്തുകള്‍ ഏത് മതത്തിന്റെ പേരിലായാലും സിവില്‍ സെര്‍വെന്റ്‌സിനിടയിലോ ബ്യൂറോക്രസിയിലോ ആവശ്യമില്ല.

---- facebook comment plugin here -----

Latest