Connect with us

Uae

അബൂദബി സ്വകാര്യ സ്‌കൂളുകളിൽ പുതിയ ഹാജർ നിയമങ്ങൾ

ഹാജർ ഇളവ് അഞ്ചു ശതമാനം മാത്രം

Published

|

Last Updated

അബൂദബി|അബൂദബിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ ഹാജർ, അഭാവ നിയമങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). പുതിയ നിയമങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് അഞ്ച് ശതമാനം (ഒമ്പത് ദിവസം) വരെയും നഴ്‌സറി വിദ്യാർഥികൾക്ക് പത്ത് ശതമാനം (18 ദിവസം) വരെയും മാത്രമാണ് ഹാജർ ഇളവ് അനുവദിക്കുക. സ്‌കൂളിൽ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികൾക്കെതിരെ സ്‌കൂളുകൾക്ക് ഉചിതമായ നടപടികൾ സ്വീകരിക്കാമെന്നും അഡെക് വ്യക്തമാക്കി.

അസുഖം, അടിയന്തര മെഡിക്കൽ അപ്പോയിന്റ‌്മെന്റുകൾ, കുടുംബാംഗങ്ങളുടെ മരണം, ഔദ്യോഗിക ആവശ്യങ്ങൾ, മത്സരങ്ങൾ, സർക്കാർ പൊതു അവധികൾ, പഠന അവധി എന്നിവക്ക് ഹാജരാകാത്തതിന് ഒഴിവുകഴിവ് ലഭിക്കും. അതേസമയം, സ്‌കൂൾ ദിവസങ്ങളിലെ കുടുംബ അവധികൾ, സ്‌കൂളിൽ അറിയിക്കാതെ വീട്ടിൽ തങ്ങുന്നത്, അടിയന്തരമല്ലാത്ത മെഡിക്കൽ അപ്പോയിന്റ‌്മെന്റുകൾ, കാലാവസ്ഥാ മാറ്റങ്ങൾ എന്നിവക്ക് ഒഴിവുകഴിവ് ലഭിക്കില്ല.

ഒരു വർഷം 12 ദിവസത്തിൽ കൂടുതൽ മെഡിക്കൽ അവധി എടുക്കുന്ന കുട്ടികൾക്ക് ആരോഗ്യ വകുപ്പിന്റെ അസുഖ അവധി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തുടർച്ചയായി മൂന്ന് ദിവസത്തിൽ കൂടുതൽ മെഡിക്കൽ അവധി എടുക്കുകയാണെങ്കിൽ രക്ഷിതാക്കൾ രേഖാമൂലം അപേക്ഷ നൽകണം. ഒഴിവുകഴിവുകൾ ഉണ്ടായാൽ പോലും എല്ലാ വിദ്യാർഥികളും പഠനത്തിലും പരീക്ഷകളിലും പങ്കെടുക്കണമെന്ന് അഡെക് നിർദേശിച്ചു. സ്‌കൂളിൽ ഹാജരാകാത്തതിനെക്കുറിച്ച് സ്‌കൂളിനെ അറിയിക്കുകയും ആവശ്യമായ രേഖകൾ നൽകുകയും ചെയ്യേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണെന്നും അധികൃതർ വ്യക്തമാക്കി.
അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയവും പുതിയ ഹാജർ നിയമങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു.

 

Latest