Connect with us

Kerala

കോടതിയോ കേന്ദ്ര സര്‍ക്കാരോ ബലം പ്രയോഗിച്ച് കല്ലിടാന്‍ പറഞ്ഞിട്ടില്ല: കെ റെയില്‍ കല്ല് പിഴുതുമാറ്റി എം എം ഹസ്സന്‍

ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അവരോട് മോശമായി പെരുമാറി കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ല.

Published

|

Last Updated

തിരുവനന്തപുരം| പോത്തന്‍കോട് മുരുക്കുംപുഴയില്‍ കെ റെയില്‍ സര്‍വേക്കായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. മുരുക്കുംപുഴയില്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എംഎം ഹസ്സനും സമരക്കാര്‍ക്കൊപ്പം കല്ല് പിഴുതത്. കോടതിയോ കേന്ദ്ര സര്‍ക്കാരോ ബലം പ്രയോഗിച്ച് കല്ലിടാന്‍ പറഞ്ഞിട്ടില്ല. പദ്ധതി നടപ്പായാല്‍ ഒരു ലക്ഷം കുടുംബങ്ങള്‍ വഴിയാധാരാമാകുമെന്നും ഇതിനെതിരെ യുഡിഎഫ് ശക്തമായി രംഗത്തെത്തുമെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അവരോട് മോശമായി പെരുമാറി കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹസ്സന്‍ പറഞ്ഞു. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ബിബിന ലാന്‍സിയുടെ പറമ്പില്‍ സ്ഥാപിച്ച കല്ലാണ് ഹസ്സന്‍ പിഴുതത്. തോപ്പുംമുക്ക് പുത്തന്‍കോവിലിന് സമീപം മണക്കാട്ടുവിളാകം വീട്ടില്‍ ആരതിയുടെ പറമ്പിലെ കല്ലും നസീറയുടെ വീടിന് മുന്നിലെ കല്ലും പിഴുതുമാറ്റി. വീടോ ഒരു തരി മണ്ണോ കെ റെയിലിനായി പോകില്ലെന്ന് ഹസ്സന്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

കോടികള്‍ തന്നാലും കിടപ്പാടം വിട്ടുതരില്ലെന്ന് സമരക്കാര്‍ പറഞ്ഞു. വെയ്ലൂര്‍ വില്ലേജില്‍ മാത്രം അമ്പതോളം വീടുകളും രണ്ട് ആരാധനാലയങ്ങളും നഷ്ടമാകുമെന്ന് സമരക്കാര്‍ ആരോപിച്ചു.

 

---- facebook comment plugin here -----

Latest