Education Notification
'നീറ്റാ'കട്ടെ പ്രവേശനം
കോഴ്‌സ് അവസരങ്ങളും പ്രവേശന മാർഗങ്ങളും അറിയാം
മെഡിക്കൽ, ഡെന്റൽ, ആയുഷ്, വെറ്ററിനറി, അനുബന്ധ ആരോഗ്യശാസ്ത്ര മേഖലകളിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യ കടമ്പയായ നീറ്റ് (യു ജി) 2026 ഫലം പുറത്തുവന്നിരിക്കുകയാണ്. രാജ്യമെമ്പാടുമുള്ള 11 ലക്ഷത്തിലധികം വിദ്യാർഥികൾ ഈ വർഷം യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ ഫലം കൈയിൽ കിട്ടിയതുകൊണ്ടു മാത്രം കാര്യമായില്ല; അതിനുശേഷമുള്ള ഓരോ ചുവടും കൃത്യമായി മനസ്സിലാക്കി മുന്നോട്ടുപോയാൽ മാത്രമേ ആഗ്രഹിക്കുന്ന കോഴ്‌സിലേക്കും കോളജിലേക്കും എത്തിച്ചേരാൻ കഴിയൂ. റാങ്ക് എത്രയാണെന്നത് മാത്രമല്ല, ഏതെല്ലാം കൗൺസലിംഗുകളിൽ പങ്കെടുക്കണം, ഏതെല്ലാം കോഴ്‌സുകൾക്ക് അപേക്ഷിക്കാം, രേഖകൾ എപ്പോൾ തയ്യാറാക്കണം, സമയപരിധി എപ്പോഴാണ് എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. നീറ്റ് ഫലത്തിന് ശേഷമുള്ള നടപടിക്രമങ്ങളും വിവിധ കോഴ്‌സ് അവസരങ്ങളും ഘട്ടംഘട്ടമായി വിശദീകരിക്കുന്നു.
ആദ്യം ചെയ്യേണ്ടത്: സ്‌കോറും റാങ്കും ശരിയായി വിലയിരുത്തുക. 720 മാർക്കിൽ എത്ര മാർക്ക് ലഭിച്ചു, അഖിലേന്ത്യാ റാങ്ക് എത്രയാണ്, കാറ്റഗറി റാങ്ക് (ജനറൽ, ഒ ബി സി, ഇ ഡബ്ല്യു എസ്, എസ് സി, എസ് ടി) എത്രയാണ് എന്നിവ neet.nta.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്ത് ഉറപ്പുവരുത്തണം. ജനറൽ വിഭാഗത്തിന് 720ൽ 213 മാർക്കാണ് ഈ വർഷത്തെ യോഗ്യതാ കട്ട് ഓഫ്; കഴിഞ്ഞ വർഷം ഇത് 144 ആയിരുന്നു. യോഗ്യതാ കട്ട് ഓഫ് നേടിയെന്നത് പ്രവേശനം ഉറപ്പാക്കുന്നില്ല എന്നത് പ്രധാനമാണ്.
കേരളത്തിലെ സ്റ്റേറ്റ് ക്വാട്ട (മൂന്നാം അലോട്ട്‌മെന്റ്) പ്രകാരം 2025ൽ എം ബി ബി എസിന് ജനറൽ വിഭാഗത്തിൽ കേരള റാങ്ക് 904 വരെയും ബി ഡി എസിന് 3,801 വരെയും പ്രവേശനം ലഭിച്ചിരുന്നു. ഇത്തരം കണക്കുകൾ വെച്ച് സ്വന്തം സാധ്യത ഏകദേശം മനസ്സിലാക്കാമെങ്കിലും, ഓരോ വർഷവും സീറ്റുകളുടെ എണ്ണത്തിലും അപേക്ഷകരുടെ എണ്ണത്തിലും വരുന്ന മാറ്റം അനുസരിച്ച് കട്ട്ഓഫിൽ വ്യതിയാനം ഉണ്ടാകാം.
നാഷനൽ മെഡിക്കൽ കമ്മീഷൻ എം ബി ബി എസ് സീറ്റുകളിൽ ഏഴ് ശതമാനം വർധനവ് പ്രഖ്യാപിച്ചതോടെ, രാജ്യത്തെ ആകെ ബിരുദ മെഡിക്കൽ സീറ്റുകളുടെ എണ്ണം 1,36,000ത്തിലധികമായി ഉയർന്നിരിക്കുകയാണ്.
കൗൺസലിംഗ്: ഏതെല്ലാം, എപ്പോൾ
- നീറ്റ് യോഗ്യത നേടിയവർ നിർബന്ധമായും വിവിധ കൗൺസലിംഗ് പ്രക്രിയകളിൽ രജിസ്റ്റർ ചെയ്യണം.
- റാങ്ക് നല്ലതാണെങ്കിലും കൗൺസലിംഗിൽ കൃത്യസമയത്ത് പങ്കെടുത്തില്ലെങ്കിൽ സീറ്റ് നഷ്ടമാകും. പ്രധാനമായും താഴെപ്പറയുന്ന കൗൺസലിംഗുകൾ ശ്രദ്ധിക്കണം.
എം സി സി കൗൺസലിംഗ് (അഖിലേന്ത്യാ ക്വാട്ട)
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം സി സി) ആണ് 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ, കേന്ദ്ര സർവകലാശാലകൾ, ഇ എസ് ഐ, ബി എച്ച് യു, എ എം യു, ജാമിഅ മില്ലിയ്യ തുടങ്ങിയവയിലെ എം ബി ബി എസ്/ബി ഡി എസ് സീറ്റുകൾ, ഡീംഡ് സർവകലാശാലകളിലെ 100 ശതമാനം സീറ്റുകൾ, ഇ എസ് ഐ കോർപറേഷൻ മെഡിക്കൽ കോളജുകൾ, ഐ പി ക്വാട്ട സീറ്റുകൾ, കേന്ദ്ര സ്ഥാപനങ്ങളിലെ ബി എസ്‌സി നഴ്‌സിംഗ് ഓപൺ സീറ്റുകൾ എന്നിവയിലേക്കുള്ള പ്രവേശനം കൈകാര്യം ചെയ്യുന്നത്.
www.mcc.nic.in എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിംഗ്, സീറ്റ് അലോട്ട്‌മെന്റ് എന്നിവ നടക്കുന്നത്. റൗണ്ട് ഒന്ന്, റൗണ്ട് രണ്ട്, മോപ്-അപ്പ് റൗണ്ട്, സ്‌ട്രേ വേക്കൻസി റൗണ്ട് എന്നിങ്ങനെ ഘട്ടങ്ങളായാണ് അലോട്ട്‌മെന്റ് നടക്കുക.
സംസ്ഥാന കൗൺസലിംഗ് (കേരളം – സി ഇ ഇ)
- കേരളത്തിലെ മെഡിക്കൽ, ഡെന്റൽ, ആയുഷ് പ്രോഗ്രാമുകളുടെയും മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെയും പ്രവേശനം നീറ്റ് (യു ജി) റാങ്ക് അടിസ്ഥാനത്തിൽ കേരള പ്രവേശനപ്പരീക്ഷാ കമ്മീഷണറാണ് (കീം) നടത്തുന്നത്.
cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നീറ്റ് (യു ജി) സ്‌കോർ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. - സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലെയും അഖിലേന്ത്യാ ക്വാട്ട ഒഴികെയുള്ള സീറ്റുകൾ, സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകൾ, ചില കേന്ദ്ര സ്ഥാപനങ്ങളിലെ നഴ്‌സിംഗ് ഓപൺ സീറ്റുകൾ എന്നിവ ഈ വിഭാഗത്തിൽ വരും.
- അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, കോ-ഓപറേഷൻ ആൻഡ് ബേങ്കിംഗ്, ബി വി എസ്‌സി തുടങ്ങിയ കോഴ്‌സുകൾക്കും ഇതേ റാങ്ക് പ്രധാന മാനദണ്ഡമായി ഉപയോഗിക്കുന്നു.
കോഴ്‌സ്: എന്തെല്ലാം തിരഞ്ഞെടുക്കാം
മെഡിക്കൽ എൻട്രൻസ് എന്ന് കേൾക്കുമ്പോൾ മിക്ക വിദ്യാർഥികളും എം ബി ബി എസ് മാത്രമാണ് ലക്ഷ്യമിടുന്നത്. എന്നാൽ നീറ്റ് സ്‌കോറിന് ഒട്ടേറെ കോഴ്‌സുകളിലേക്ക് വാതിൽ തുറക്കാൻ കഴിയും. ഓരോ റാങ്ക് പരിധിക്കും അനുയോജ്യമായ കോഴ്‌സുകൾ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കണം.
എം ബി ബി എസ്, ബി ഡി എസ്
ഏറ്റവും ഉയർന്ന റാങ്കുള്ളവർക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ എം ബി ബി എസ് ലക്ഷ്യമിടാം. തൊട്ടടുത്ത റാങ്ക് പരിധിയിലുള്ളവർക്ക് ബി ഡി എസ്, സ്വാശ്രയ മെഡിക്കൽ കോളജുകൾ, ഡീംഡ് സർവകലാശാലകൾ എന്നിവ പരിഗണിക്കാം. ഫീസ് വ്യത്യാസം വലുതായതിനാൽ സാമ്പത്തിക സാഹചര്യം കൂടി കണക്കിലെടുത്ത് കോളജ് തിരഞ്ഞെടുക്കണം.
ആയുഷ് കോഴ്‌സുകൾ
ബി എ എം എസ് (ആയുർവേദ), ബി എച്ച് എം എസ് (ഹോമിയോപ്പതി), ബി യു എം എസ് (യുനാനി), ബി എസ് എം എസ് (സിദ്ധ) എന്നീ കോഴ്‌സുകൾ എം ബി ബി എസിനേക്കാൾ മിതമായ റാങ്കിൽ ലഭിക്കാൻ സാധ്യതയുള്ളവയാണ്. പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളിൽ താത്പര്യമുള്ളവർക്കും ഭാവിയിൽ സ്വന്തമായി പ്രാക്ടീസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കും ഇവ മികച്ച അവസരമാണ്. അഞ്ചരവർഷം ദൈർഘ്യമുള്ള ഈ കോഴ്‌സുകൾക്ക് ഇന്റേൺഷിപ്പും ഉൾപ്പെടും.
ബി എസ്‌സി നഴ്‌സിംഗ്
താരതമ്യേന കുറഞ്ഞ റാങ്കിലും ലഭ്യമാകുന്ന, തൊഴിൽ സാധ്യത ഏറെയുള്ള കോഴ്‌സാണ് ബി എസ്‌സി നഴ്‌സിംഗ്. സർക്കാർ, സ്വാശ്രയ നഴ്‌സിംഗ് കോളജുകൾക്കു പുറമേ, മിലിട്ടറി നഴ്‌സിംഗ് സർവീസിന് കീഴിലുള്ള ബി എസ്‌സി നഴ്‌സിംഗ് കോളജുകളിലും നീറ്റ് സ്‌കോർ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കും. വിദേശത്തുൾപ്പെടെ വൻ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്.
പുതുച്ചേരി ജിപ്മറിലെ 94 ബി എസ്‌സി നഴ്‌സിംഗ് സീറ്റുകളിലേക്കും (വനിതകൾക്ക് മുൻഗണന), 87 അലൈഡ് ഹെൽത്ത് സയൻസ് സീറ്റുകളിലേക്കുമുള്ള 2026ലെ പ്രവേശനം നീറ്റ് യു ജി സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷാ നടപടികൾക്കും കൗൺസലിംഗ് വിവരങ്ങൾക്കും www.jipmer.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
കൂടാതെ, എയിംസ് മംഗളഗിരിയിലെ ബി എസ്‌സി എമർജൻസി മെഡിക്കൽ ടെക്‌നോളജി, ബി എസ്‌സി മെഡിക്കൽ ഹെമറ്റോളജി കോഴ്‌സുകളിലേക്കും എയിംസ് ദിയോഗറിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ പബ്ലിക് ഹെൽത്ത് (ബി പി എച്ച്+ എം പി എച്ച്) പ്രോഗ്രാമിലേക്കും നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ വിവരങ്ങൾക്ക് അതത് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ www.aiimsmangalagiri.edu.in, www.aiimsdeoghar.edu.in എന്നിവ സന്ദർശിക്കുക.
വെറ്ററിനറി, കൃഷി, ഫിഷറീസ്, ഫോറസ്ട്രി
ബി വി എസ്‌സി & എ എച്ച് (വെറ്ററിനറി സയൻസ്), ബി എസ്‌സി അഗ്രികൾച്ചർ, ബി എസ്‌സി ഫോറസ്ട്രി, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് തുടങ്ങിയ കോഴ്‌സുകളും നീറ്റ് സ്‌കോർ അടിസ്ഥാനമാക്കി കേരള പ്രവേശന പരീക്ഷാ കമ്മീഷണർ വഴി ലഭ്യമാണ്. കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബി ടെക് ബയോടെക്‌നോളജി, ഫിഷറീസ് എൻവയോൺമെന്റൽ മാനേജ്‌മെന്റ് സെന്റർ എന്നിവയും ഇതേ റാങ്ക് അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നു.
അലൈഡ് ഹെൽത്ത് സയൻസസ്
ബി എസ്‌സി മെഡിക്കൽ ലാബ് ടെക്‌നോളജി, ബി എസ്‌സി റേഡിയോളജി, ബി എസ്‌സി ഒപ്‌റ്റോമെട്രി, ബി പി ടി (ഫിസിയോതെറാപ്പി), ബി എ എസ് എൽ പി (ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പതോളജി), ബി എസ്‌സി ന്യൂട്രീഷൻ & ഡയറ്ററ്റിക്‌സ് തുടങ്ങിയ അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകൾക്കും പല സ്ഥാപനങ്ങളും നീറ്റ് സ്‌കോർ പരിഗണിക്കുന്നു. ആശുപത്രികളിലും ലാബുകളിലും വൻ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്. ഉയർന്ന റാങ്ക് ലഭിക്കാത്തവർക്ക് ഇവ മികച്ച ബദൽ ആണ്.
കൗൺസലിംഗ് നടപടികൾ പൊതുവേ രജിസ്‌ട്രേഷനും ചോയ്‌സ് ഫില്ലിംഗുമായി ആരംഭിച്ച് പല ഘട്ടങ്ങളായാണ് പൂർത്തിയാകുന്നത്. ഇതിനായി വിദ്യാർഥികൾ എം സി സി അല്ലെങ്കിൽ അതത് സംസ്ഥാന കൗൺസലിംഗ് പോർട്ടലുകളിൽ വെവ്വേറെ രജിസ്റ്റർ ചെയ്ത്, തങ്ങൾക്ക് താത്പര്യമുള്ള കോളജുകളും കോഴ്‌സുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കണം. തുടർന്ന് അപേക്ഷകരുടെ റാങ്ക്, സംവരണ കാറ്റഗറി, നൽകിയ ചോയ്‌സുകൾ എന്നിവ അടിസ്ഥാനമാക്കി ഓരോ റൗണ്ടിലും സീറ്റ് അലോട്ട്‌മെന്റ് നടക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ കോളജുകളിൽ നേരിട്ട് ഹാജരായി രേഖകൾ പരിശോധിപ്പിച്ച് അഡ്മിഷൻ ഉറപ്പാക്കേണ്ടതുണ്ട്.
അപേക്ഷാ സമയക്രമവും ശ്രദ്ധിക്കേണ്ട രേഖകളും
ആദ്യ റൗണ്ടുകളിൽ സീറ്റ് ലഭിക്കാത്തവർക്കോ മെച്ചപ്പെട്ട ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കോ വേണ്ടിയാണ് അവസാന ഘട്ടത്തിൽ മോപ്-അപ്പ്, സ്‌ട്രേ വേക്കൻസി റൗണ്ടുകൾ നടത്തുന്നത്. കൗൺസലിംഗിന്റെ ഓരോ ഘട്ടത്തിന്റെയും തീയതികൾ കൃത്യമായി മനസ്സിലാക്കാൻ വിദ്യാർഥികൾ ബന്ധപ്പെട്ട ഔദ്യോഗിക വെബ്‌സൈറ്റുകൾ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കണം.
അലോട്ട്‌മെന്റ് ലഭിച്ച ശേഷമുള്ള രേഖാപരിശോധനക്ക് നീറ്റ് അഡ്മിറ്റ് കാർഡ്, സ്‌കോർകാർഡ്, പ്ലസ്ടു മാർക്ക് ലിസ്റ്റ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, ടി സി, മൈഗ്രേഷൻ, കണ്ടക്ട് സർട്ടിഫിക്കറ്റുകൾ, ഫോട്ടോകൾ, തിരിച്ചറിയൽ രേഖ, ബാധകമായ സംവരണ/ഇ ഡബ്ല്യു എസ് സർട്ടിഫിക്കറ്റുകൾ (അസ്സലും പകർപ്പും) എന്നിവ നിർബന്ധമായും കരുതണം.
രേഖകൾ അപൂർണമെങ്കിൽ പ്രവേശനം നിഷേധിക്കപ്പെടാം എന്നതിനാൽ ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇവ സുരക്ഷിതമായി ഫയൽ ചെയ്തുവെക്കേണ്ടതാണ്. കൂടാതെ വിദേശ മെഡിക്കൽ പഠനത്തിനും നീറ്റ് യോഗ്യത നിർബന്ധമാണ്.
Content Highlights:
NEET UG 2026 results are officially declared with over 11 lakh candidates qualifying across the country. Candidates must now proceed through MCC and state CEE counseling portals based on their scores. Apart from MBBS and BDS, NEET scores open avenues for AYUSH, BSc Nursing, and Allied Health Sciences.






