Connect with us

National

നാവിക സേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ടി ടി ഇ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നതായി കണ്ടെത്തി

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഈ മാസം 25ന് രാത്രിയാണ് നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവിനെ (32) ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടത്

Published

|

Last Updated

ന്യൂഡല്‍ഹി | ഓടുന്ന ട്രെയിനില്‍ നിന്ന് നാവിക സേന ഉദ്യോഗസ്ഥന്റെ ഭാര്യ വീണു മരിച്ച സംഭവം കൊലപാതകമാണെന്നു കണ്ടെത്തി. ടി ടി ഇ യുവതിയെ തള്ളിയിട്ട് കൊലപ്പെുത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരമാണു പോലീസ് കണ്ടെത്തിയത്. അപകട മരണമാണെന്നു കരുതിയ സംഭവത്തില്‍ ടി ടി ഇയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഈ മാസം 25ന് രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് (32) മരിച്ചത്. ടിക്കറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ടി ടി ഇ യുവതിയെ പുറത്തേക്ക് തള്ളിയിട്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദ്യം അപകടമരണമാണെന്നു കരുതിയ സംഭവമാണ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്.

കാണ്‍പൂര്‍ ദെഹത്ത് സ്വദേശിയായ ആരതി യാദവ് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു പോകാന്‍ കാന്‍പുരില്‍ നിന്ന് ബരൗണി-ന്യൂഡല്‍ഹി ഹംസഫര്‍ സ്പെഷല്‍ ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു. എന്നാല്‍ കാത്തിരുന്ന ട്രെയിന്‍ വൈകിയതിനാല്‍ പട്ന-ആനന്ദ് വിഹാര്‍ സ്പെഷ്യല്‍ ട്രെയിനില്‍ കയറി. ഒറ്റക്കായിരുന്നു യാത്ര. മതിയായ ടിക്കറ്റില്ലാതെ യുവതി ട്രെയിനില്‍ കയറിയത് ടി ടി ഇ ചോദ്യം ചെയ്യുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു.

പ്രകോപിതനായ ടി ടി ഒ ആരതിയുടെ ബാഗ് ട്രെയിനിനു പുറത്തേക്ക് എറിയുകയും അവരെ തള്ളിയിടുകയും ചെയ്തുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തെറിച്ചുവീണ യുവതി തല്‍ക്ഷണം മരിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അറസ്റ്റിലായ ടി ടി ഇയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുടുംബത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റെയില്‍വേ പോലീസ് അറിയിച്ചു.