Kerala
ദേശീയപാതയുടെ 'അ' മുതല്‍ 'ക്ഷ' വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയപാത അതോറിറ്റി; സംസ്ഥാന സർക്കാരിനെ പഴിചാരണ്ട: മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വാസനയുള്ളവര്‍ കിട്ടിയ അവസരം ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം | ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ ഒരു പങ്കുമില്ലെന്നും നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ ‘അ’ മുതല്‍ ‘ക്ഷ’ വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണ്. സ്ഥലമേറ്റെടുത്ത് നല്‍കിയത് നാടിനോടുള്ള ഉത്തരവാദിത്തം കൊണ്ടാണ്. അതില്‍ യാതൊരു പിഴവുമില്ല.പ്രശ്നങ്ങള്‍ പരിഹരിച്ച് അവര്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.
ഇപ്പോള്‍ നാഷണല്‍ ഹൈവേയിലെ നിര്‍മ്മാണത്തില്‍ ചില പിഴവുകള്‍ വന്നു. അതോടെ അതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വാസനയുള്ളവര്‍ കിട്ടിയ അവസരം ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ദേശീയപാത നിര്‍മിക്കുന്നത് മുഴുവന്‍ ദേശീയപാത അതോറിറ്റിയാണ്.നമ്മുടെ സംസ്ഥാനത്തിന് ഒരു പൈസയും അതില്‍ ചെലവില്ല. ഭൂമിയേറ്റെടുത്ത് കൊടുക്കുക മാത്രമേ വേണ്ടതുള്ളൂ. അതിന് ആവശ്യമായ പണം ദേശീയപാത അതോറിറ്റിനല്‍കും. എന്നാല്‍ ആ ചുമതല വഹിക്കാന്‍ ബാധ്യതപ്പെട്ട അന്നത്തെ സര്‍ക്കാര്‍ ചെയ്തില്ല. ഒരിഞ്ച് സ്ഥലവും അവര്‍ ഏറ്റെടുത്തില്ല. ദേശീയ പാത അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ടു. പിന്നീടാണ് 2016 പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ദേശീയ പാത അതോറിറ്റിയെ തിരിച്ചുവിളിച്ചു.
എന്നാല്‍ യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയ്ക്ക് നാം പിഴയൊടുക്കേണ്ടതായി വന്നു. ദേശീയപാത വികസനം നമ്മുടെ നാടിന്റെ ആവശ്യമായതിനാല്‍ സ്ഥലമേറ്റെടുക്കുന്നതിന് വേണ്ട ചെലവിന്റെ 25 ശതമാനം സംസ്ഥാനം ഏറ്റെടുക്കാമെന്ന ധാരണയിലെത്തി അത് യാഥാര്‍ഥ്യമാക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.