Kuwait
ദേശീയ ദിനാഘോഷം; ലിബറേഷന്‍ ടവര്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു നല്‍കും
ടവറിന്റെ 150-ാം നിലയില്‍ ഇന്ന് മുതല്‍ മന്ത്രാലയം ഒരു പ്രദര്‍ശനവും ഒരുക്കുന്നുണ്ട്.

കുവൈത്ത് സിറ്റി | കുവൈത്ത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 23 മുതല്‍ 26 വരെ ലിബറേഷന്‍ ടവര്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ഇതോടനുബന്ധിച്ച് നിരവധി പരിപാടികളും അധികൃതര്‍ സംഘടിപ്പിക്കുന്നുണ്ട്.
കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിന്റെ ചുമതല വഹിക്കുന്ന വാണിജ്യ, വ്യവസായ മന്ത്രി മാസെന്‍ അല്‍ നഹദിന്റെ മേല്‍നോട്ടത്തില്‍ ടവറിന്റെ 150-ാം നിലയില്‍ ഇന്ന് മുതല്‍ മന്ത്രാലയം ഒരു പ്രദര്‍ശനവും ഒരുക്കുന്നുണ്ട്.
രണ്ട് നേരങ്ങളിലായാണ് ആഘോഷ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണി വരെയുള്ള സമയത്തെ പരിപാടി മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍, നയതന്ത്ര സ്ഥാപനങ്ങള്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി എട്ട് വരെയുള്ള സമയമാണ് പൊതുജനങ്ങള്‍ക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. ടവറിന്റെ 150-ാം നിലയിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്നതിനും പൊതുജനത്തിന് അവസരമുണ്ടാവും.