Kerala
'നാരകക്കൊടി' നാരങ്ങയുടെ മണവും രുചിയുമുള്ള അപൂര്‍വയിനം കുരുമുളകിനം മഞ്ഞപ്പാറയില്‍ കണ്ടെത്തി
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കൃഷിഭവനു കീഴില്‍ വരുന്ന മഞ്ഞപ്പാറയിലെ സിബിച്ചന്‍ ഡൊമിനിക് എന്ന കര്‍ഷകന്റെ ശേഖരത്തിലാണ് ഈ കുരുമുളകിനം സംരക്ഷിക്കപ്പെടുന്നതായി കണ്ടെത്തിയത്.
പത്തനംതിട്ട | ‘നാരകക്കൊടി’ നാരങ്ങയുടെ മണവും രുചിയുമുള്ള അപൂര്‍വയിനം കുരുമുളകിനം മഞ്ഞപ്പാറയില്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കൃഷിഭവനു കീഴില്‍ വരുന്ന മഞ്ഞപ്പാറയിലെ സിബിച്ചന്‍ ഡൊമിനിക് എന്ന കര്‍ഷകന്റെ ശേഖരത്തിലാണ് നാരങ്ങയുടെ മണവും രുചിയും ഉള്ള കുരുമുളകിനം സംരക്ഷിക്കപ്പെടുന്നതായി കണ്ടെത്തിയത്.
‘നാരകക്കൊടി’ എന്ന് പേരിട്ടിരിക്കുന്ന ഈ കുരുമുളകിന്റെ മണികളും ഇലകളും ഇതേ ഗുണം പ്രകടിപ്പിക്കുന്നുണ്ട്. വെള്ളായണി കാര്‍ഷിക കോളജില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുവാനായി കര്‍ഷകര്‍ അവലംബിക്കുന്ന പ്രായോഗിക മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കുവാന്‍ പോയ സംഘമാണ് ഇത് ഗവേഷണ കേന്ദ്രം മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വിജ്ഞാന വ്യാപന വിഭാഗം ശാസ്ത്രജ്ഞ പി കെ സ്മിജ, സുഗന്ധവിള ഗവേഷണ വിഭാഗത്തിലെ പി എച്ച് ഡി വിദ്യാര്‍ഥിനി പി രേഷ്മ, റിസര്‍ച്ച് അസിസ്റ്റന്റ് അനന്തു പ്രകാശ് എന്നിവര്‍ അടങ്ങുന്ന സംഘം ഈ ഇനത്തിന്റെ വര്‍ഗീകരണ സവിശേഷതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അത്യപൂര്‍വമായ ഈ നാരകക്കൊടി തന്റെ കൃഷിയിടത്തില്‍ സ്വയം ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് കര്‍ഷകന്‍ അവകാശപ്പെടുന്നത്. സര്‍വകലാശാലയുടെ ഭൗതിക സ്വത്തവകാശ സെല്ലിലേക്ക് വിവരം അറിയിച്ച് തുടര്‍പഠനങ്ങള്‍ നടത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.