Connect with us

Web Special

എന്റെ പൊന്നേ... നീ എങ്ങോട്ടാണ്? പൊന്നുംവിലയുടെ കാരണങ്ങൾ അറിയാം

പശ്ചിമേഷ്യയിലെ യുദ്ധം മുതൽ ഡോളറിനെതിരെ രൂപയുടെ വിലയിടിവ് വരെ സ്വർണ്ണവിലയിൽ സ്വാധീനം ചെലുത്തുന്നു

Published

|

Last Updated

തൊട്ടാൽ പൊള്ളുന്ന വിലയാണ് പൊന്നിന്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സ്വർണ്ണവില അരലക്ഷം കടന്നത്. ഒരു പവന്റെ ഇന്നത്തെ വില 54,360 രൂപയാണ്. പൊന്നിന്റെ കുതിപ്പ് അവസാനിച്ചിട്ടില്ല എന്ന സൂചനയാണ് ഓരോ ദിവസവുമുള്ള വില വർധന സൂചിപ്പിക്കുന്നത്. എന്താണ് പൊന്നിന് പൊന്നുംവിലയാകാൻ കാരണം? പശ്ചിമേഷ്യയിലെ യുദ്ധം മുതൽ ഡോളറിനെതിരെ രൂപയുടെ വിലയിടിവ് വരെ സ്വർണ്ണ വിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

രാജ്യത്തെ സ്വർണ വില നിശ്ചയിക്കുന്നതിൽ നിരവധി ഘടകങ്ങൾക്ക് പങ്കുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ ആണ് സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാനമായും സ്വാധീനം ചെലുത്തുന്നത്. ഇറക്കുമതി തീരുവയും, രൂപയ്ക്കെതിരെ ഡോളറിന്റെ കുതിപ്പും പശ്ചിമേഷ്യയിലെ സംഘർഷവും ഒക്കെ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ പ്രധാന ഘടകങ്ങൾ ആണ്.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങൾ ഇന്ത്യയും ചൈനയുമാണ്. വർഷാവർഷം ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കൊപ്പം പ്രാദേശിക ആവശ്യകത കൂടി ഇന്ത്യയിലെ സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യാന്തര വിപണിയിൽ വിലകുറഞ്ഞാലും ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്ന് നിർബന്ധമില്ല.

ഈ ഘടകങ്ങൾക്ക് എല്ലാം അപ്പുറം രാജ്യത്തെ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകൾക്കും വലിയ പങ്കുണ്ട്. ഇവരാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വില കൂട്ടാനും വില കുറയ്ക്കാനും ഈ അസോസിയേഷനുകൾക്ക് കഴിയും എന്നതാണ് സത്യം.

ഓരോ സംസ്ഥാനങ്ങളിലും ഇതേപോലെ സംസ്ഥാനങ്ങളിലെ സ്വർണ്ണവില നിശ്ചയിക്കുന്ന അസോസിയേഷനുകൾ ഉണ്ട്. കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ദിവസം രണ്ടു തവണ വരെ സ്വർണ്ണവില പുതുക്കി നിശ്ചയിക്കാൻ ഇവർക്ക് സാധിക്കും. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്റെ ബാങ്ക് നിരക്ക്, ഇതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഡോളർ വില, ഈ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു മഞ്ഞ ലോഹാഭരണം എന്നതിനപ്പുറം ഉറച്ച ഒരു നിക്ഷേപം കൂടിയായി സ്വർണത്തെ ആളുകൾ കണ്ടു തുടങ്ങിയതും വിലക്കയറ്റത്തിലേക്ക് നയിക്കുന്നു. വിവാഹം മറ്റ് ആഘോഷങ്ങൾ എന്നിവ ഉൾപ്പെടെ എല്ലായിടത്തും സ്വർണ്ണത്തിന്റെ പ്രാധാന്യം ഏറുന്നതും അതുവഴി ആവശ്യകത കൂടുന്നതും സ്വർണ്ണവില ഉയരുന്നതിന് ഒരു പ്രധാനപ്പെട്ട കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Latest