Ongoing News
കൊലപാതകവും തീവെപ്പും; പ്രതിയെ 10 മിനുട്ടിനുള്ളില്‍ പിടികൂടി അജ്മാന്‍ പോലീസ്
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഒരു കടയിലാണ് സംഭവമുണ്ടായത്. ഏഷ്യക്കാരിയായ യുവതിയെയാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്.
അജ്മാന്‍ | അജ്മാനില്‍ കൊലപാതകവും തീവെപ്പും നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഒരു കടയിലാണ് സംഭവമുണ്ടായത്. 10 മിനുട്ടിനുള്ളില്‍ ഇയാളെ പിടികൂടിയതായി അജ്മാന്‍ പോലീസ് അറിയിച്ചു.
ഏഷ്യക്കാരിയായ യുവതിയെയാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഏഷ്യന്‍ പൗരത്വമുള്ള മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിക്ക് ഇരയായ യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും ഇവര്‍ തമ്മില്‍ നേരത്തെയും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കൊമേഴ്സ്യല്‍ സ്റ്റോറിലെ സംഭവങ്ങളെക്കുറിച്ച് ഓപ്പറേഷന്‍സ് റൂമില്‍ നിന്ന് റിപോര്‍ട്ട് ലഭിച്ചതായി അജ്മാന്‍ പോലീസിലെ ഓപ്പറേഷന്‍സ് ഡിപാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സഈദ് അലി അല്‍ മദനി പറഞ്ഞു. വിവരമറിഞ്ഞ് പട്രോളിംഗ്, സ്പെഷ്യല്‍ മിഷന്‍സ്, നാഷണല്‍ ആംബുലന്‍സ് എന്നിവ ഉടന്‍ സ്ഥലത്തെത്തി.
റിപോര്‍ട്ട് ലഭിച്ച് 10 മിനുട്ടിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞു. സിവില്‍ ഡിഫന്‍സ് തീയണച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അജ്മാന്‍ പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിവരികയാണ്.




